ആരോപണം നേരിട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണ് നല്ലത്.കുറ്റമില്ലെന്ന് തെളിഞ്ഞാൽ പദവിയിലേക്ക് തിരിച്ച് വരാമല്ലോ  

കണ്ണൂര്‍: നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എം എൽ എ രാജി വെക്കണമെന്ന് നടന്‍ പി പി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.ആരോപണം നേരിട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണ് നല്ലത്.കുറ്റമില്ലെന്ന് തെളിഞ്ഞാൽ പദവിയിലേക്ക് തിരിച്ച് വരാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.അമ്മയിൽ എല്ലാവരും രാജിവെച്ചത് ശരിയായ തീരുമാനമല്ല.ആരോപണ വിധേയരെ മാറ്റി നിർത്തുകയായിരുന്നു വേണ്ടത്.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്‍റെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗിക അതിക്രമ പരാതി ഉയർന്നസാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം. മുകേഷിന്‍റെ രാജിക്കായുള്ള മുറവിളി ശക്തമാകുമ്പോഴും എംഎൽഎ സ്ഥാനം രാജിവേക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് സിപിഎം.

സമാന ആരോപണങ്ങളിൽ പ്രതിപക്ഷ എംഎൽഎ മാർ രാജിവെച്ചില്ലല്ലോ എന്ന വാദമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്. പക്ഷെ ഇടത് എംഎൽഎയും ആ പതിവ് തുടരണോ എന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം ശക്തമായി ഉയരുന്നുണ്ട്. മുകേഷ് ഉൾപ്പെടുന്ന നിരന്തര വിവാദങ്ങിലും പാർട്ടിക്ക് വിധേയനാകാത്തതിലും കൊല്ലത്തെ സിപിഎം നേതാക്കൾക്കിടയിലെ അമർഷം പുതിയ വിവാദത്തിൽ കൂടുതൽ കടുക്കുന്നു. പക്ഷെ സംസ്ഥാന നേതാക്കളാണ് ഇപ്പോഴും പൂർണ്ണമായും കൈവിടാൻ മടിക്കുന്നത്.