പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ജനങ്ങളുടെ അനിയന്ത്രിതമായ പ്രവാഹമാണ് പാലായില്‍.  

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ നടന്‍ മമ്മൂട്ടിയെത്തി. പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്തിമോപചാരമര്‍പ്പിച്ചത്. പ്രായത്തെ അതിജീവിക്കുന്ന ഊര്‍ജമുണ്ടായിരുന്നു കെ എം മാണിക്കെന്ന് അന്തിമോപചാരമര്‍പ്പിച്ച് മമ്മൂട്ടി പറഞ്ഞു. നികത്താനാകാത്ത നഷ്ടമാണ് മാണിയുടെ വിയോഗമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെ എം മാണിക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മമ്മൂട്ടി എത്തിയപ്പോൾ (ഫോട്ടോ:പ്രസാദ് വെട്ടിപ്പുറം)

"

പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ജനങ്ങളുടെ അനിയന്ത്രിതമായ പ്രവാഹമാണ് പാലായില്‍. ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. ഊണും ഉറക്കവും ഒഴി‌ഞ്ഞ് കാത്തിരുന്ന നാനാതുറയിൽപെട്ട ആളുകൾ കെഎംമാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. കേരള കോൺഗ്രസിന്റെ പിറവിയും പിളർപ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രദാന തീരുമാനങ്ങൾക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാനവും പ്രിയ നേതാവിനെ യാത്രയാക്കുമ്പോൾ ഏറെ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി.