അന്തരിച്ച നടൻ സലികുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും. വൈകുന്നേരം മൂന്നുമണിയോടെയാവും ചടങ്ങുകൾ. ഇന്നലെ രാത്രിയാണ് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന സലിംകുമാർ അന്തരിച്ചത്

കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവർ അറിയിക്കുന്നത്. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു. ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ടൗൺ ഹാളിലേക്ക് കൊണ്ടുപോവും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഷ്ടപ്പെട്ടത് കൂടപ്പിറപ്പിനെയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

നഷ്ടപ്പെട്ടത് വെറുമൊരു ചലച്ചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാർ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരൻ. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവൻ മനസിലുണ്ടാവുമെന്നും വി ഡി സതീശൻ കുറിക്കുന്നു.

വടക്കൻ പറവൂരിന്റെ അഭിമാനമായിരുന്നു സലിം കുമാർ. സ്ഥാനമാനങ്ങൾക്കു വേണ്ടി ചലച്ചിത്ര മേഖലയിലെ പലരും നിലപാട് പറയാൻ മടിച്ചു നിന്നപ്പോഴും ഒന്നും ആഗ്രഹിക്കാതെ കോൺഗ്രസ് രാഷ്ട്രീയം പൊതുവേദികളിൽ തുറന്നു പറയാൻ അദ്ദേഹം തയാറായി. ദാരിദ്രവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തിൽ ജനിച്ച് ദേശീയ പുരസ്‌കാര നിറവിൽ എത്തിയ കലാകാരൻ. ഒസ്‌കാർ നോമിനേഷനിലേക്കു വരെ എത്തിയ പ്രതിഭ. എന്റെ തിരഞ്ഞെടുപ്പുകളിലൊക്കെയും തിരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നു. അത് തന്റെ മാത്രം അവകാശമായി അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റെടുക്കുകയും ചെയ്തു. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഉദ്ഘാടകൻ. എന്റെ വിജയത്തിലും സ്ഥാനലബ്ധിയിലും ഇത്രയേറെ സന്തോഷിച്ച കൂടപ്പിറപ്പ്. സന്തോഷം നിറഞ്ഞ ആ മുഖം മാത്രമാണ് മനസിൽ. മറക്കാനാകുന്നില്ല.

ഹാസ്യം മാത്രമല്ല ഏത് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ. എത്രമേൽ നമ്മെ സന്തോഷിപ്പിച്ചുവോ അതിലേറെ കരയിച്ച കഥാപാത്രങ്ങളെയും അദ്ദേഹം അനായസം അവതരിപ്പിച്ചു. പ്രതിഭാ സമ്പന്നതയും വ്യക്തി ബന്ധങ്ങളിൽ അതിലേറെ ആത്മാർത്ഥതയും കാട്ടിയ പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം. ശരിക്കും പറവൂരുകാർ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു അതായിരുന്നു സലിം കുമാർ. എല്ലാവരെയും ചിരിപ്പിച്ചു. ഇപ്പോൾ എല്ലാവരെയും കരയിച്ചുള്ള യാത്ര. സുനിതയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. അവരുടെ മാത്രം ദുഖമല്ലല്ലോ. സലിം കുമാർ എന്ന അതുല്യ കലാകാരൻ നമ്മെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. 

YouTube video player