വയനാട്: നടന്‍ ടൊവിനോ തോമസ് വിദ്യാർത്ഥിയെ കൊണ്ട് കൂവിപ്പിച്ച സംഭവം ഒത്തുതീർപ്പിലേക്ക്. വിദ്യാർത്ഥിയുമായി ടൊവിനോയുടെ മാനേജർ സംസാരിച്ചു. ടൊവിനോയുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും പരാതിയുമായി മുന്നോട്ടില്ലെന്ന് വിദ്യാർത്ഥി അറിയിച്ചു. വിദ്യാർത്ഥിയുമായി വയനാട് കളക്ടര്‍ നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ സംഘടനകളും ടൊവിനോയ്ക്കെതിരെ പരാതി നൽകില്ല.

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടനെതിരെ കെഎസ്‌യു നേരത്തെ രംഗത്തെത്തിയിരിന്നു. മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലാണ് ടൊവിനോ വിദ്യാർത്ഥിയെ വിളിച്ചുവരുത്തി കൂവിപ്പിച്ചത്. 

കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാർത്ഥി സദസിൽ നിന്നും കൂവി. ഈ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടൻ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. 

"