രണ്ട് വിമാനങ്ങളും വലിയൊരു അഗ്നിഗോളമായി മാറി താഴേക്ക് പതിക്കുകയും ഭീകരമായ സ്ഫോടനത്തോടെ തകരുകയും ചെയ്തു. വിമാനങ്ങൾ തകർന്നുവീണ സ്ഥലത്തുനിന്നും കനത്ത കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ഇദാഹോ: വ്യോമാഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് അഗ്നിഗോളമായി യുഎസ് നേവിയുടെ രണ്ട് യുദ്ധവിമാനങ്ങൾ. വിമാനങ്ങൾ പൂർണമായി കത്തിയമരും മുൻപ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട് പൈലറ്റുമാർ. അമേരിക്കയിലെ ഇദാഹോയിൽ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ചത്. അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ ഇദാഹോയിലുള്ള മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിൽ നടന്ന ഗൺഫൈറ്റർ സ്കൈസ് എയർ ഷോയുടെ രണ്ടാം ദിവസമാണ് നടുക്കുന്ന അപകടമുണ്ടായത്. വ്യോമാഭ്യാസ പ്രകടനത്തിൽ ഏർപ്പെട്ടിരുന്ന യുഎസ് നാവികസേനയുടെ രണ്ട് എഫ്.എ 18ജി ഗ്രൗളർ യുദ്ധവിമാനങ്ങളാണ് ആകാശത്തുവെച്ച് പരസ്പരം കൂട്ടിയിടിച്ചത്. വാഷിംഗ്ടണിലെ വിഡ്ബി ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രൺ 129ന്റെ ഭാഗമായ വിമാനങ്ങളായിരുന്നു ഇവ. മൗണ്ടൻ ഹോം വ്യോമതാവളത്തിന് വടക്കുപടിഞ്ഞാറൻ മേഖലയിലാണ് അപകടം നടന്നത്. അമേരിക്കൻ ഐക്യനാടുകളുടെ 250ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആയിരുന്നു വ്യോമാഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. ഏകദേശം 67 മില്യൺ ഡോളർ (ഏകദേശം 550 കോടിയിലധികം ഇന്ത്യൻ രൂപ) വീതം വിലമതിക്കുന്നതാണ് തകർന്നുപോയ ഈ രണ്ട് അത്യാധുനിക പോർവിമാനങ്ങളും

അതിസാഹസികമായ വ്യോമാഭ്യാസ പ്രകടനങ്ങൾക്കിടയിൽ വിമാനങ്ങൾ വളരെ അടുത്തേക്ക് വരുകയും അപ്രതീക്ഷിതമായി കൂട്ടിയിടിക്കുകയുമായിരുന്നു. കൂട്ടിയിടിച്ച ഉടൻ തന്നെ വിമാനങ്ങൾ നിയന്ത്രണം വിട്ട് ആകാശത്ത് വെച്ച് വട്ടംചുറ്റാൻ തുടങ്ങി. എന്നാൽ വിമാനങ്ങൾ തകർന്നു വീഴുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ, അതിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെയുള്ള നാല് പേരും കൃത്യസമയത്ത് വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത് പാരാച്യൂട്ട് വഴി പുറത്തേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനങ്ങൾ കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെ വിമാന ജീവനക്കാർ ഇജക്ട് ചെയ്യുന്നതും ആകാശത്ത് നാല് പാരാച്യൂട്ടുകൾ വിരിയുന്നതും സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഇതിന് തൊട്ടുപിന്നാലെ രണ്ട് വിമാനങ്ങളും വലിയൊരു അഗ്നിഗോളമായി മാറി താഴേക്ക് പതിക്കുകയും ഭീകരമായ സ്ഫോടനത്തോടെ തകരുകയും ചെയ്തു. വിമാനങ്ങൾ തകർന്നുവീണ സ്ഥലത്തുനിന്നും കനത്ത കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് വ്യോമതാവളം ഉടനടി അടച്ചുപൂട്ടുകയും എയർ ഷോയുടെ ബാക്കി പ്രകടനങ്ങൾ പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു. പരിക്കേറ്റ വ്യോമസേനാ ഉദ്യോഗസ്ഥരെ ഉടൻ തന്നെ മെഡിക്കൽ സംഘം വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾ തകർന്നുവീണത് കാണികളിൽ നിന്നും അകലെയായതിനാൽ തത്സമയം പ്രകടനം കാണാനെത്തിയ കാണികൾക്കോ നിലത്തുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ല. അപകടസമയത്ത് വ്യക്തമായ കാഴ്ചാപരിധിയും അനുകൂലമായ കാലാവസ്ഥയുമാണ് ഉണ്ടായിരുന്നത്.
എയർ ഷോകളിൽ പങ്കെടുക്കുന്ന പൈലറ്റുമാർ അങ്ങേയറ്റം പ്രഗത്ഭരാണെങ്കിലും, ഇത്തരം പ്രകടനങ്ങളിൽ പിഴവുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും വ്യോമയാന വിദഗ്ധർ അഭിപ്രായപ്പെടുന്നു. രണ്ട് വിമാനങ്ങളിലെയും ജീവനക്കാർ ജീവനോടെ രക്ഷപ്പെട്ടതിനാൽ, അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കുമെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് യുഎസ് നാവികസേനയും മിലിട്ടറി അധികൃതരും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


