കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയിൽ നിന്നുള്ള ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. ദിലീപടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്. ഫോൺ പൊലീസ് സംഘം പിടിച്ചെടുത്തു.

അഞ്ചാം പ്രതി സലീമിന്റെ മൊബൈലിൽ നിന്നാണ് കോടതി മുറിക്കകത്തെ ദൃശ്യങ്ങൾ കിട്ടിയത്. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.  അഞ്ചാം പ്രതി ഫോണിൽ ചിത്രങ്ങളെടുക്കുന്നത് പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്.

ഉടൻ തന്നെ പൊലീസ് ഇയാളിൽ നിന്ന് ഫോൺ കണ്ടെത്തി. അന്വേഷണ സംഘം ഇക്കാര്യം എറണാകുളം ടൗൺ നോർത്ത് പൊലീസിനെ അറയിച്ചു. സംഭവത്തിൽ പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. കേസിൽ രഹസ്യവിചാരണയാണ് നടക്കുന്നത്. കർശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.