കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റമാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹർജിയിലെ ആരോപണം. ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ അസാധാരണ ഹർജിയുമായാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ എത്തിയിട്ടുള്ളത്. വിചാരണക്കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്നാണ് നടിയുടെ ആരോപണം. 

വിസ്താരത്തിന്‍റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി  നിന്നെന്ന് ഹർജിയിൽ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. കൂടാതെ പ്രതിഭാഗം നൽകുന്ന ഹർജികളിൽ പ്രോസിക്യുഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളും കൈമാറി. 

എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാവട്ടെ കോടതി ഒരു തീരുമാനവും എടുത്തില്ല. പ്രോസിക്യൂഷൻ ആവർത്തിച്ച് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു. വിചാരണ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.