നടി ആക്രമിക്കപ്പെടുന്ന വീഡിയോ സ്വന്തം വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ നടുക്കത്തോടെയാണ് കേരളം കേട്ടത്. കേസിലെ അപ്രതീക്ഷിത വഴിത്തിരിവായിരുന്നു‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ മുന്നോട്ടുവച്ച തെളിവുകള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും മുന്നോട്ടുവച്ച തെളിവുകളും. ദിലീപിനെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് കിട്ടിയ പിടിവളളിയായിരുന്നു ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍. നടി ആക്രമിക്കപ്പെടുന്ന വീഡിയോ സ്വന്തം വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്ന ബാലചന്ദ്രൻ കുമാറിന്‍റെ വെളിപ്പെടുത്തല്‍ നടുക്കത്തോടെയാണ് കേരളം കേട്ടത്. നടി ആക്രമണത്തിന്‍റെ ഗൂഡാലോചന ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്ത് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചശേഷവും കാര്യമായ തെളിവൊന്നും കിട്ടാതെ ആശയക്കുഴപ്പത്തിലായിരുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്ക് 2021 ഡിസംബറോടെയായിരുന്നു ബാലചന്ദ്രകുമാറിന്‍റെ രംഗപ്രവേശം. നടിയെ ആക്രമിക്കുന്ന വീഡിയോ 2017 നവംബര്‍ 15 ന് ദിലീപ് ആലുവയിലെ തന്‍റെ വീട്ടില്‍ വച്ച് കണ്ടതിന് താന്‍ സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ അവകാശവാദം.

ഇതിനുതെളിവായി ആ ദിവസം ആ വീട്ടില്‍ നടന്ന സംഭാഷണങ്ങളുടെ അടക്കം റെക്കോര്‍ഡുകളെന്ന പേരില്‍ ചില ഡിജിറ്റല്‍ തെളിവുകളും ബാലചന്ദ്രകുമാര്‍ പൊലീസിന് നല്‍കിയതോടെ കേസില്‍ അത് വഴിത്തിരിവായി. പള്‍സര്‍ സുനിയെ ദിലീപിന്‍റെ വീട്ടില്‍ വെച്ച് കണ്ടിരുന്നുവെന്ന ബാലചന്ദ്രകുമാറിന്‍റെ അവകാശവാദവും അന്വേഷണ സംഘം പ്രാധാന്യത്തോടെ കോടതിയില്‍ ഉന്നയിച്ചു.അന്നത്തെ പൊലീസ് മേധാവി ലോക് നാഥ് ബഹറ ഉള്‍പ്പെടെയുളളവരുമായുളള ദിലീപിന്‍റെ ബന്ധം. ഉന്നത രാഷ്ട്രീയ സ്വാധീനമുളള വിഐപിയുടെ കേസിലെ ഇടപെടല്‍, കാവ്യാ മാധവനടക്കം ദിലീപിന്‍റെ കുടുംബാംഗങ്ങള്‍ക്ക് നടി ആക്രമണത്തെ പറ്റി അറിവുണ്ടായിരുന്നെന്ന ആരോപണം തുടങ്ങി ബാലചന്ദ്രകുമാര്‍ പറഞ്ഞതെല്ലാം അന്വേഷണ സംഘം കേസിലെ തെളിവുകളാക്കി.ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒപ്പം കൂടിയ ബാലചന്ദ്രകുമാര്‍ സിനിമ നടക്കില്ലെന്ന് വന്നതോടെ ദിലീപിനെതിരെ തിരിയുകയായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസിലെ ദിലീപിന്‍റെ പങ്കാളിത്തത്തെ പറ്റി വെളിപ്പെടുത്താനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ദിലീപ് അനുകൂലികള്‍ ഈ ആരോപണം ഉന്നയിച്ചത്. 

എന്നാല്‍, ദിലീപ് തന്നെ ഇല്ലാതാക്കുമെന്ന ഭയന്നാണ് എല്ലാം വെളിപ്പെടുത്താന്‍ വൈകിയതെന്നായിരുന്നു തനിക്കെതിരായ ആരോപണങ്ങള്‍ക്കുളള ബാലചന്ദ്രകുമാറിന്‍റെ മറുപടി. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച തെളിവുകളും കൂടി ചേര്‍ത്ത് അധിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു അന്വേഷണ സംഘം. എന്നാല്‍, വിചാരണ ഘട്ടമായപ്പോഴേക്കും രൂക്ഷമായ കരള്‍ രോഗം ബാലചന്ദ്രകുമാറിനെ പിടികൂടി. രോഗം വല്ലാതെ ബുദ്ധിമുട്ടിച്ചെങ്കിലും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്തെ കോടതിയില്‍ തുടര്‍ച്ചയായ നാല്‍പ്പത് ദിവസം ബാലചന്ദ്രകുമാര്‍ വിചാരണയുടെ ഭാഗമായി. പക്ഷേ, കേസിന്‍റെ വിചാരണ പൂര്‍ത്തിയായി വിധി വരും മുമ്പേ 2024 ഡിസംബര്‍ 13ന് ഈ ലോകത്തു നിന്ന് വിടവാങ്ങി. വലിയ സിനിമകളൊന്നും സ്വന്തം പേരില്‍ അടയാളപ്പെടുത്തിയില്ലെങ്കിലും സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു കുറ്റകൃത്യത്തിന്‍റെ ചരിത്രമെഴുതുമ്പോള്‍ അതിലെ മുഖ്യകഥാപാത്രമെന്ന നിലയില്‍ ബാലചന്ദ്രകുമാറിന്‍റെ പേരുണ്ടാകുമെന്ന് ഉറപ്പ്.

YouTube video player