നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് കുറ്റം ചെയ്തതായി ഇപ്പോഴും കരുതുന്നില്ലെന്നും കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് കരുതുന്നതെന്നും നടൻ മഹേഷ്. നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് കോടതി വിധി പറയാനിരിക്കെയാണ് മഹേഷിന്‍റെ പ്രതികരണം. 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് കുറ്റം ചെയ്തതായി ഇപ്പോഴും കരുതുന്നില്ലെന്നും കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് കരുതുന്നതെന്നും നടൻ മഹേഷ്. നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് കോടതി വിധി പറയുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു നടൻ മഹേഷ്. വളരെ പോസിറ്റീവായി തന്നെ ദിലീപ് ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തി ഉദയസൂര്യനെപ്പോലെ ഉയര്‍ന്നുവരുമെന്നാണ് കരുതുന്നതെന്ന് മഹേഷ് പ്രതികരിച്ചു. ദിലീപ് കുറ്റം ചെയ്തതായി താൻ ഇപ്പോഴും കരുതുന്നില്ല. ആക്രമിക്കപ്പെട്ട നടിക്കും നീതി ലഭിക്കണമെന്നും മഹേഷ് പറഞ്ഞു. ദിലീപ് കുറ്റം ചെയ്തതായി ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് താൻ മുമ്പും പറഞ്ഞിട്ടുള്ളത്. അങ്ങനെ തന്നെയാണ് ഇപ്പോഴം വിശ്വസിക്കുന്നത്. തനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. വിധി വന്നശേഷംചിലപ്പോള്‍ ഉയര്‍ന്ന കോടതികളിലേക്ക് പരാതിക്കാര്‍ പോവുമായിരിക്കും

ഇവിടെ കുറ്റവിമുക്തനാക്കിയാൽ തന്നെ വിജയത്തിന് തുല്യമായി അത് എടുക്കാൻ സാധിക്കും. പലപ്പോഴും കേസിൽ പല പ്രശ്നങ്ങളും വന്നു. സുപ്രീം കോടതി വരെ പോകേണ്ടിവന്നു. എല്ലാം അതിജീവിച്ച് ഇത്രയും വര്‍ഷം കേസുമായി മുന്നോട്ടുപോയി. ആക്രമിക്കപ്പെട്ട നടിക്കും അതുപോലെ ദിലീപിനും നീതി ലഭിക്കണമെന്നും മഹേഷ് പറഞ്ഞു. നടി അവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നതിൽ തര്‍ക്കമില്ല. അതിന്‍റെ കാരണക്കാരൻ ദിലീപ് അല്ലെന്ന് മാത്രമാണ് താൻ പറയുന്നത്. കുറ്റവാളികളെയും യഥാര്‍ത്ഥ പ്രതികളെയും ശിക്ഷിക്കുകയാണ് വേണ്ടത്. പിന്നിൽ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്തുവന്നിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്കെതിരായ നികൃഷ്ടമായ സംഭവമാണ് നടന്നത്. അതിന് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. എന്നാൽ, തെറ്റ് ചെയ്യാത്തവരെ അല്ല ശിക്ഷിക്കേണ്ടതെന്നും മഹേഷ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ഘട്ടം മുതൽ ദിലീപിനെ പിന്തുണച്ചുകൊണ്ടായിരുന്നു മഹേഷിന്‍റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്

കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 

കേസിന്‍റെ വിശദവിവരങ്ങള്‍ 

2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്ക് കൊച്ചി നഗരത്തിലൂടെ ഓടിയ കാറിൽ വെച്ചാണ് നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായയത്. നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തി. അന്ന് തന്നെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി. 2017 ഫെബ്രുവരി 18ന് പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായി. ഇയാളെ തേടി പൊലീസ്. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി. കേസ് അന്വേഷിക്കാൻ ഉത്തരമേഖലാ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 

2017 ഫെബ്രുവരി 19ന് ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പൊലീസിന്‍റെ പിടിയിൽ. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചിയിൽ നടന്ന സിനിമാപ്രവർത്തകരുടെ കൂട്ടായ്മയിൽ ദിലീപ് പങ്കെടുത്തു. ഫെബ്രുവരി 20ന് പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടുനിന്നു പിടികൂടി. ഫെബ്രുവരി 23ന് പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയിൽനിന്നു ബലം പ്രയോഗിച്ചു പൊലീസ് അറസ്‌റ്റ് ചെയ്തു‌. മാർച്ച് മൂന്നിന് ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു പൊലീസ് കോടതിയെ അറിയിച്ചു. ഏപ്രിൽ 18ന് സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. ആകെ ഏഴു പ്രതികളാണുണ്ടായിരുന്നത്. ജൂൺ 25ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു. 2017 ജൂൺ 28ന് ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു. ജൂലൈ രണ്ടിന് ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തമായ ജോര്‍ജേട്ടന്‍സ് പൂരം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി തെളിവു ലഭിച്ചു. 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി.

YouTube video player