വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോട‌തിയെ അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോട‌തിയെ അറിയിച്ചു. ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽകുമാര്‍ കോടതിയോട് സംസാരിച്ചത്. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.

മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ‌ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു. 

കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകുമെന്ന് കോടതി അറിയിച്ചു. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയാണ്. മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്‍റെ ഭാഗമാണെന്നും കോടതി പറഞ്ഞു. പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ അന്തസ്സിന്‍റെ കാര്യമാണിത്. 

മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജ‍ഡ്ജ് ആവശ്യപ്പെട്ടു. 

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections