നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ശിക്ഷാ വിധി ഉടൻ. പ്രതികളെ ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ചു. പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. 

നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ശിക്ഷാ വിധി പ്രഖ്യാപനം ഉടൻ. ആറ് പ്രതികളെയും കോടതിയിലെത്തിച്ചു. 12മണിക്ക് ശേഷമായിരിക്കും വിധി ഉണ്ടാകുക. മറ്റ് കേസുകൾ പരി​ഗണിച്ച ശേഷമായിരിക്കും നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി പുറപ്പെടുവിക്കുന്നത്. കോടതിയുടെ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇരു ഭാ​ഗങ്ങളുടെയും വാദം പൂർത്തിയായിക്കഴിഞ്ഞായിരിക്കും ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ആദ്യ 6 പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. 20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ തെളിഞ്ഞത്. ശിക്ഷയിൽ പ്രതികളുടെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേൾക്കും. ഇതിനു ശേഷം ആകും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക.

മിനിമം 20 വർഷമെങ്കിലും പ്രതികളെ ശിക്ഷിക്കാതിരിക്കാൻ കഴിയില്ലെന്നും വിധിന്യായം പരിശോധിച്ച ശേഷം മേൽ നടപടി സ്വീകരിക്കുമെന്നുമാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിധിന്യായം കാണാതെ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം പറ‍ഞ്ഞു.

YouTube video player