Asianet News MalayalamAsianet News Malayalam

കേസ് വൈകിക്കാൻ വീണ്ടും ദിലീപ്: സാക്ഷി വിസ്താരം നിർത്തണമെന്ന് പുതിയ ഹർജി

കേസിൽ കുറ്റം ചുമത്തുന്നത് വൈകിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ അപേക്ഷ നൽകിയെങ്കിലും വിചാരണക്കോടതി ഇത് തള്ളിയിരുന്നു. ദിലീപടക്കമുള്ള പ്രതികൾക്ക് മേൽ കുറ്റം ചുമത്തുകയും ചെയ്തു. 

actress attack case dileep demands trial should be postponed till forensic report of videos is made available
Author
Kochi, First Published Jan 7, 2020, 1:46 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം വീണ്ടും വൈകിപ്പിക്കാൻ ദിലീപിന്‍റെ പുതിയ ഹർജി. സാക്ഷി വിസ്താരം നിർത്തി വയ്ക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ ഫോറൻസിക് റിപ്പോർട്ട് വരുന്നത് വരെ സാക്ഷികളെ വിസ്തരിക്കരുത് എന്നാണ് ദിലീപിന്‍റെ അഭിഭാഷകർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ദിലീപ് ഹർജി നൽകി.

സാക്ഷിവിസ്താരത്തിന്‍റെ തീയതി തീരുമാനിക്കാനായി കേസ് പരിഗണിച്ചപ്പോഴാണ് ദിലീപ് പുതിയ ഹർജി നൽകുന്നത്. എന്നാൽ വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാൻ ഒരു സാധ്യതയുമില്ല. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

അതേസമയം, സാക്ഷിവിസ്താരം തുടങ്ങാനുള്ള തീയതി വിചാരണക്കോടതി തീരുമാനിച്ചു. 136 സാക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവായിട്ടുണ്ട്. ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും. ഈ 136 സാക്ഷികളെ ആദ്യഘട്ടമായിട്ടാണ് വിസ്തരിക്കുകയെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.

നേരത്തേ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി വീണ്ടും വിചാരണക്കോടതി തള്ളിയിരുന്നു. എന്നാൽ ഇതേ ആവശ്യവുമായി മേൽക്കോടതികളെ സമീപിക്കാൻ തന്നെയാണ് ദിലീപിന്‍റെ പദ്ധതിയെന്നാണ് ഞങ്ങളുടെ കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. കേസ് പരമാവധി നീട്ടാനും വൈകിക്കാനും സങ്കീർണമാക്കാനും ഇത് വഴി കഴിയും. 

Read more at: ദിലീപിന്‍റെ ഇനിയുള്ള നീക്കമെന്ത്? വിടുതൽ തേടി മേൽക്കോടതികളിലേക്കോ?

നേരത്തേ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ബന്ധമുള്ള, കൊച്ചിയിലെ രണ്ട് അഭിഭാഷകരുടെ പക്കൽ എത്തിയെന്നും, അത് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി നേരത്തേ കീഴ്‍ക്കോടതിയിൽ ഈ രണ്ട് അഭിഭാഷകരും വിടുതൽ ഹർജികൾ നൽകിയിരുന്നു. കേസിൽ പ്രതികളായി ചേർത്ത തങ്ങൾ നിരപരാധികളാണെന്നും, കേസിൽ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും കാട്ടിയാണ് പ്രത്യേക കോടതി രൂപീകരിക്കുന്നതിന് മുമ്പ് കീഴ്‍ക്കോടതിയിൽ ഈ രണ്ട് അഭിഭാഷകരും വിടുതൽ ഹർജി നൽകിയത്. ഇത് പരിഗണിച്ച് അങ്കമാലി കോടതി ഇവരെ രണ്ട് പേരെയും വെറുതെ വിട്ടിരുന്നു. 

ഇതേ കാര്യം ചൂണ്ടിക്കാട്ടി, കേസിലെ ഗൂഢാലോചനയുമായി നേരിട്ട് പങ്കില്ലെന്ന് വാദിച്ച്, അത് തെളിയിക്കാൻ പൊലീസിന്‍റെ കുറ്റപത്രത്തിൽ കൃത്യമായ മെറിറ്റുമില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും അവിടെ നിന്ന് ഹർജി തള്ളിയാൽ സുപ്രീംകോടതിയെയും സമീപിക്കാനാണ് ദിലീപിന്‍റെ നീക്കം. രണ്ട് കോടതികളിലും വിടുതൽ ഹർജി തന്നെയായും ദിലീപും അഭിഭാഷക സംഘവും നൽകുക. 

ഇങ്ങനെ നിരവധി ഹർജികൾ നൽകിയാൽ, കേസിന്‍റെ വിചാരണ നീണ്ട് പോകുമെന്നാണ് ദിലീപിന്‍റെ കണക്കുകൂട്ടൽ. അതേ രീതിയിൽത്തന്നെയാണ്, പ്രത്യേക കോടതിയിൽ കേസ് വിചാരണ തുടങ്ങുന്നതിന് മുമ്പ് തെളിവുകൾ കൈമാറണമെന്നതടക്കം നിരവധി ഹർജികൾ ദിലീപ് കീഴ്‍ക്കോടതികളിൽ നിന്ന് സുപ്രീംകോടതി വരെ വിവിധ കോടതികളിലായി നൽകിയത്. കേസിലെ പ്രതികളെല്ലാവരും ചേർന്ന് ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി നൽകിയത് നാൽപ്പത് ഹർജികളായിരുന്നു. 

Follow Us:
Download App:
  • android
  • ios