കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ വീണ്ടും വൈകിപ്പിക്കാൻ ദിലീപ് പുതിയ ഹർജി നൽകി. നടിയെ ആക്രമിച്ചതിന് തെളിവുകളുള്ള മൊബൈൽ ദൃശ്യങ്ങൾ ഒറ്റയ്ക്ക് പരിശോധിക്കാൻ അനുവദിക്കണമെന്നാണ് ദിലീപ് വിചാരണക്കോടതിയിൽ നൽകിയിരിക്കുന്ന പുതിയ ഹർജിയിൽ പറയുന്നത്. ഹർജി ഇന്ന് തന്നെ കോടതി പരിഗണിക്കും. നേരത്തേ സുപ്രീംകോടതി ഈ ആവശ്യം തളളിയിരുന്നതാണ്.

കേസിലെ മറ്റ് അഞ്ച് പ്രതികൾക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കാമെന്നാണ് നേരത്തേ കോടതി ഉത്തരവിട്ടിരുന്നത്. അത് മതിയാകില്ലെന്നും ഒറ്റയ്ക്ക് പരിശോധിക്കണമെന്നുമാണ് ദിലീപിന്‍റെ ഹർജി. ദൃശ്യങ്ങൾ പരിശോധിക്കാൻ സമയം നൽകിയിരിക്കുന്നത് ഇന്നാണ്. അതിനാൽത്തന്നെ അൽപസമയത്തിനകം ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് എത്തും. 

കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടൻ ദിലീപ് അടക്കം 6 പ്രതികള്‍ നൽകിയ ഹർജിയിലാണ് തീരുമാനം. ദിലീപിന് പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, സനിൽകുമാർ എന്നിവരാണു ദൃശ്യങ്ങൾ പരിശോധിക്കാൻ അപേക്ഷ സമർപ്പിച്ചത്.

ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്‍റെ പേരു നിർദേശിച്ചതു ദിലീപ് മാത്രമാണ്. പ്രോസിക്യൂഷന്‍റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക.