Asianet News MalayalamAsianet News Malayalam

Actress Attack Case : നടിയെ ആക്രമിച്ച കേസ്; സാക്ഷി മൊഴി അട്ടിമറിച്ചതിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്

പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനയച്ച കത്ത് സംബന്ധിച്ചാണ് സംഭാഷണം. പ്രോസിക്യൂഷന് കൊടുത്ത മൊഴി മാറ്റിപ്പറയേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. 

Actress Attack Case dileep s lawyer taught anoop how to gave statement audio clip out
Author
Kochi, First Published Apr 20, 2022, 12:39 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ (Actress Attack Case) വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്‍റെ സഹോദരന്‍ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച (Dileep) കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിന്‍റെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നത്.

കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്.  ഈ കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിന്‍റെ വിട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിന്‍റെ മാനേജർ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു.

അനൂപിന്‍റെ ഫോണ്‍ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിയ്ത്ത് കൈമാറി. കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്‍റെ തെളിവായാണ് ഓഡിയോ കൈമാറിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരി ഭർത്താവിനെതിരായ മാധ്യമവാർത്തകൾക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിർ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

ഇന്നലെ കോടതിയില്‍ നല്‍കിയ ശബ്ദരേഖയില്‍ പറയുന്നത് ഇങ്ങനെ:

ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. ​ഗുരുവായൂരിലെ ഡാൻസ് പ്രോ​ഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. (മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും മുമ്പ് ​ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.) അനൂപിനോട് അഭിഭാഷകൻ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും വേണം കോടതിയിൽ പറയാനെന്നും അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.  

ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റർ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകൻ സംസാരിക്കുന്നുണ്ട്. എന്നാൽ, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവർ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, പൾസർ സുനിയുമായുള്ള കത്തിടപാടുകൾക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷൻ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസിൽ 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികൾ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. 

എന്താണീ കേസിന്‍റെ നാൾവഴി? ഒറ്റനോട്ടത്തിൽ

ഒരു വെളിപ്പെടുത്തലിൽ തുടങ്ങിയ തുടരന്വേഷണം ഇപ്പോൾ നിർണായകമായ ഒരു വഴിത്തിരിവിലെത്തി നിൽക്കുകയാണ്. കേസിൽ ഇതുവരെ നടന്നതെന്ത്? അറിയാം ഒറ്റനോട്ടത്തിൽ. 

2021 ഡിസംബര്‍ 25 - ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തൽ. ആലുവയിലെ ദിലീപിന്‍റെ വീടായ 'പദ്മസരോവര'ത്തില്‍  2017 നവംബർ 15-ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു സംവിധായകനായ ബാലചന്ദ്രകുമാർ ഒരു വാർത്താമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. 

2021 ഡിസംബര്‍ 27 - നടിയെ ആക്രമിച്ച കേസില്‍ ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാൻ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം ന‍ല്‍കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയില്‍. 

2021 ജനുവരി 2 - ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനെന്നും ബൈജു പൗലോസിനെ അന്വേഷണം എല്‍പ്പിക്കരുതെന്നുമാവശ്യപ്പെട്ട് നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കുന്നു.

2021 ജനുവരി 3 - നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ  വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20-ന് സമർപ്പിക്കണമെന്ന് വിചാരണക്കോടതി.

2022 ജനുവരി 9 - ഗൂഡാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം. കൊച്ചി എസ്പി മോഹനചന്ദ്രന്‍ തലവന്‍.

2022 ജനുവരി 9 - ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ക്കെതിരെ ഗൂഡാലോചനാ കുറ്റം ചുമത്തി കേസെടുത്തു. 

2022 ജനുവരി 9 - ബാലചന്ദ്രകുമാറിനെ ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച് കണ്ടിട്ടുണ്ടെന്ന് കേസിലെ പ്രതിയായ പൾസർ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറിന്‍റെ ഫോൺ സംഭാഷണം പുറത്തുവന്നു

2022 ജനുവരി 10 - മുന്‍കൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

2022 ജനുവരി 12 - നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തിയത് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി. 

2022 ജനുവരി 13 - ദിലീപിന്‍റെ വീട്ടില്‍ റെയ്ഡ്

2022 ജനുവരി 14 - ദിലീപിന്‍റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു.

2022 ജനുവരി 17 - മാധ്യമവാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. 

2022 ജനുവരി 19 - തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കി

2022 ജനുവരി 31 - ഒരുമാസത്തിനകം പുനരന്വേഷണം പൂർത്തിയാക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ്

2022 ഫെബ്രുവരി 1 - പ്രതികള്‍ കോടതിയില്‍ മൊബൈള്‍ ഫോണ്‍ ഹാജരാക്കി. കോടതി ഫോണുകള്‍  ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. മജിസ്ട്രേറ്റിന് ഫോറന്‍സിക് പരിശോധനക്ക് വിടണോ എന്ന് തീരുമാനിക്കാം.

2022 ഫെബ്രുവരി 5 - സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി.

2022 ഫെബ്രുവരി 6 - ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

2022 ഫെബ്രുവരി 7 - തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി  

2022 ഫെബ്രുവരി 8 - ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ശബ്ദ പരിശോധന

2022 ഫെബ്രുവരി 9 - ദിലീപും കൂട്ടുപ്രതികളും ഹൈക്കോടതിയില്‍ നേരിട്ട് കീഴടങ്ങി ജാമ്യമെടുത്തു.

2022 ഫെബ്രുവരി 14 - ഗൂഡാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

2022 ഫെബ്രുവരി 14 - നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ ഹൈക്കോടതി വിജിലന്‍സ് പരിശോധന തുടങ്ങി

2022 ഫെബ്രുവരി 21 - തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയില്‍ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു.

2022 ഫെബ്രുവരി 22-  മാർച്ച് 1-നകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി

2022 മാര്‍ച്ച്  17 - ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്‍റെ  ആവശ്യം ഹൈക്കോടതി തള്ളി

2022 മാര്‍ച്ച് 17 - കേസിൽ സൈബർ തെളിവുകൾ നശിപ്പിക്കാനായി ദിലീപ് സമീപിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന്‍റെ വീട്ടില്‍ പരിശോധന. മൊബൈലും ടാബും കസ്റ്റഡിയിലെടുത്തു

2022 മാര്‍ച്ച് 22 - സായ് ശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.

2022 മാര്‍ച്ച് 28 - ദിലീപിനെയും കൂട്ടുപ്രതികളെയും ബാലചന്ദ്രകുമാറിന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. 

Follow Us:
Download App:
  • android
  • ios