കൊല്ലം/ കാസർകോട്: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നതിനും, തന്നെ ഭീഷണിപ്പെടുത്താനുമടക്കം വൻഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേസിലെ മാപ്പുസാക്ഷിയായ വിപിൻലാൽ. വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കോട്ടത്തല അറസ്റ്റിലായതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് വിപിൻലാലിന്‍റെ പ്രതികരണം. 

തിങ്കളാഴ്ച രാത്രിയോടെ ബേക്കൽ പൊലീസ് എത്തി ചൊവ്വാഴ്ച രാവിലെയോടെ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയെ എംഎൽഎയുടെ പത്തനാപുരത്തെ ഓഫീസിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

''പ്രദീപ് കൂലിക്കാരൻ മാത്രമാണെന്ന് വിപിൻലാൽ പറയുന്നു. പ്രദീപിനെ അയച്ചത് മറ്റാരോ ആണ്. അതാരെന്ന് കണ്ടെത്തണം. ഇതിന് പിന്നിൽ വൻഗൂഢാലോചന നടന്നിട്ടുണ്ട്'', എന്ന് വിപിൻലാൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന് വിളിക്കപ്പെടുന്ന സുനിൽകുമാർ കാക്കനാട് സബ് ജയിലിൽ താമസിച്ചിരുന്ന സെല്ലിലുണ്ടായിരുന്ന റിമാൻഡ് തടവുകാരനായിരുന്നു ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിൻലാൽ. ഒരു ചെക്ക് കേസിൽപ്പെട്ടാണ് വിപിൻലാൽ ജയിലിലാകുന്നത്. ഈ സെല്ലിലേക്കാണ് പിന്നീട് പൾസർ സുനിയെ കൊണ്ടുവരുന്നത്. 

കേസിൽ ഇനി തനിക്ക് ബാക്കി കിട്ടാനുള്ള പണം തരണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പൾസർ സുനി നൽകാൻ ശ്രമിച്ച കത്ത് എഴുതിയത് വിപിൻലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യിൽ കിട്ടിയതോടെ കേസിൽ വിപിൻലാൽ പ്രതി ചേർക്കപ്പെട്ടു. പിന്നീട്, പൊലീസ് അന്വേഷണത്തിനിടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. 

തന്നെ പല തവണ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നെന്ന് വിപിൻലാൽ നേരത്തേയും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സമ്മർദ്ദമുണ്ടായി. എന്നാൽ തന്നെ ആരും ജാമ്യത്തിലിറക്കേണ്ടെന്ന് താൻ നിലപാടെടുത്തു. പിന്നീട് 2018 സെപ്റ്റംബറിൽ വിപിൻലാൽ കേസിൽ സ്വാഭാവികജാമ്യം ലഭിച്ച് പുറത്തിറങ്ങി. 

ചങ്ങനാശ്ശേരിയിലെ വീട്ടിൽ ആറ് മാസം മാത്രമേ താമസിക്കാൻ കഴിഞ്ഞുള്ളൂവെന്നും, പിന്നീട് അമ്മാവൻ താമസിക്കുന്ന കാസർകോട്ടേക്ക് മാറുകയായിരുന്നുവെന്നും വിപിൻലാൽ വ്യക്തമാക്കിയിരുന്നു. ഇവിടേക്കാണ് കെ ബി ഗണേഷ്കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല എത്തിയതെന്നാണ് വിപിൻലാലിന്‍റെ പരാതി. ആദ്യം പണവും മറ്റ് സാമ്പത്തികലാഭവും വാഗ്ദാനം ചെയ്തെങ്കിലും പിന്നീട്, ഇത് നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തുകളെത്തുകയായിരുന്നുവെന്നുമാണ് വിപിൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ഇതോടെ കേസിൽ പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ പ്രദീപ് കുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിപ്പോയി. ഇതേത്തുടർന്നാണ്, ബേക്കൽ പൊലീസ് രാവിലെ പ്രദീപിനെ എംഎൽഎയുടെ ഓഫീസിൽ വച്ച് തന്നെ അറസ്റ്റ് ചെയ്യുന്നത്. 

ഇതേക്കുറിച്ച് പ്രതികരിക്കാൻ ഗണേഷ് കുമാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രദീപിനെ ഓഫീസ് സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് മാധ്യമപ്രവർത്തകരോട് അനൗദ്യോഗികമായി പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. വാർത്താക്കുറിപ്പായി ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും, അല്ലാതെ മാധ്യമങ്ങളെ കാണാൻ താത്പര്യമില്ലെന്നുമാണ് ഗണേഷ് കുമാറിന്‍റെ പ്രതികരണം.