കൊച്ചി: നടിയെ  ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന മാപ്പുസാക്ഷിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  കാസർകോട് സ്വദേശിയും നിയമ വിദ്യാർത്ഥിയുമായി വിപിൻ ലാൽ ആണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്. പ്രതിയ്ക്ക് അനുകൂലമായി കോടതിയിൽ  മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട്  നേരിട്ടും ഫോണിലൂടെയും  ഭീഷണി തുടരുന്നുവെന്നാണ്  പരാതി. 

നടിയെ ആക്രമിച്ച് കേസിലെ പൊലീസ് മാപ്പുസാക്ഷിയും കാസർകോട് കോട്ടിക്കുളം സ്വദേശിയുമായ വിപിൻ ലാലാണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്.  ദിലീപ് അടക്കമുള്ള പ്രതികൾക്ക് എതിരെ മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും പൊലീസിന് നൽകിയ മൊഴിയും വിചാരണ കോടതിയിൽ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. കാസർക്കോട്ടെ ബന്ധുവിന്‍റെ കടയിലും വീട്ടിലുമെത്തി ചിലർ ഭീഷണി മുഴക്കി. പിന്നീട് ഫോണിൽ വിളിച്ചു ഭീഷണി  തുടർന്നു. 

ഈ മാസം 24നും 25നും തന്‍റെ വിലാസത്തിൽ  ഭീഷണിക്കത്തും കിട്ടി ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്. ബേക്കൽ പൊലീസ്  ഭീഷണിപ്പെടുത്തൽ, വാജ്യ തെളിവ് ചമക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ക്വട്ടേഷൻ പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിൻ ലാൽ ആയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് ഗൂഡാലോചനയിൽ ദിലീപിന് എതിരായ അന്വേഷണം തുടങ്ങുന്നത്. ആദ്യ ഘട്ട അന്വേഷണത്തിൽ പൊലീസ് വിപിൻ ലാലിനെ പത്താം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഈ മാസം അവസാനം വിപിൻ ലാലിന്‍റെ സാക്ഷി വിസ്താരം നടത്താൻ നശ്ചയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് മൊഴി തിരുത്താൻ ഭീഷണിയെന്ന് പരാതിയുമായി സാക്ഷി രംഗത്ത് വരുന്നത്.