Asianet News MalayalamAsianet News Malayalam

Dileep : 'ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യം'; ദിലീപ് കുരുക്കിൽ, വെളിപ്പെടുത്തി സുനിയുടെ അമ്മ

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ വ്യക്തമാക്കി

actress attack case pulsar suni mother statements against dileep
Author
Kochi, First Published Jan 21, 2022, 8:11 AM IST

കൊച്ചി: നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തിൽ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർ‍പ്പിച്ച മുൻകൂ‍ർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്‍റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. 

'20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം', പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ  പ്രോസിക്യൂഷൻ എതിർക്കുകയാണ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്,  ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ 'വിഐപി' എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്. 

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios