പെണ്ണിന്‍റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നു. ശിക്ഷാവിധിയില്‍ പൂര്‍ണനിരാശയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പെണ്ണിന്‍റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നു. നിയമത്തിന് മുന്നിൽ ഇത് ചെയ്തവരെല്ലാവരും നിഷ്കളങ്കരും അവൾ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ആറ് മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോള്ളൂ, കുറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നല്‍കുന്നത്. ശിക്ഷാവിധിയില്‍ പൂര്‍ണനിരാശയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ച് വിചാരണ കോടതി
കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗമെന്ന കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത് കണക്കിലെടുക്കാതെയാണ് കോടതി വിധി. കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ശിക്ഷവിധിച്ചത്. പ്രതികൾ വിചാരണ തടവിൽ കഴിഞ്ഞ കാലം ശിക്ഷയിൽ നിന്ന് കുറയ്ക്കും. ഇതോടെ പ്രതികള്‍ ഇനി ജയിലില്‍ കഴിയേണ്ട കാലാവധി പിന്നെയും കുറയും. കേസിലെ ഒന്നാം പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ എന്നിവർ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവുമാണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക.



