കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പരിശോധനക്കായി ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്ക് അയച്ചു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. അതേസമയം, കേസിലെ വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകര്‍ക്കുമൊപ്പമായിരുന്നു പരിശോധന. സുപ്രീംകോടതിയാണ് ഇതിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് സംശയവും പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്ക് ദൃശ്യങ്ങള്‍ അയച്ചത്. സാങ്കേതിക വിദഗ്ദ്ധൻ തയ്യാറാക്കിയ ചോദ്യാവലിയും ഇതിനൊപ്പമുണ്ട്. 

പരിശോധനയുടെ ചെലവ് ദിലീപ് വഹിക്കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഫോറൻസിക് ലാബിന്‍റെ പരിശോധന റിപ്പോര്‍ട്ട് വിചാരണയുടെ ഘട്ടത്തില്‍ തെളിവായി സ്വീകരിക്കില്ല. എന്നാല്‍, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ ഇത് ഉപയോഗിക്കാം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കഴിഞ്ഞയാഴ്ച കോടതി കുറ്റം ചുമത്തിയിരുന്നു. സാക്ഷി വിസ്താരം ഈ മാസം 30ന് തുടങ്ങും. 2017 ഫെബ്രുവരി 17നാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്.

കേന്ദ്ര ഫോറൻസിക് വിഭാഗത്തി‍ന്‍റെ റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നീട്ടിവെക്കണം എന്നാണ് നടൻ ദിലീപ് സുപ്രീംകോടതിയില്‍ നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആറുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുചൂണ്ടിക്കാട്ടി വിചാരണ കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ആവശ്യം തള്ളിയിരുന്നു.