കൊച്ചി: ലുലു മാളിൽ വെച്ച് തന്നെ അപമാനിച്ചവരെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവനടി തിരിച്ചറിഞ്ഞു. ഇതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. മാളിൽ നിന്ന് മെട്രോ റെയിൽ വഴി റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതികൾ അയൽജില്ലകളിലേക്ക് കടന്നതായാണ് സൂചന.

മാളിലെ വസ്ത്രശാലയിൽ വച്ച് യുവനടിയെ അപമാനിച്ചതിന്റേയും, പ്രതികളുടെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതികൾ ആരെന്നത് സംബന്ധിച്ച് സൂചനകളൊന്നും ഇത് വരെയും പൊലീസിന് കിട്ടിയിട്ടില്ല. ഇതോടെയാണ് നടിയിൽ നിന്ന് കുറ്റക്കാരെന്ന് ഉറപ്പിച്ച ശേഷം പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടത്. 

25 വയസ്സിന് താഴെ പ്രായമുള്ള രണ്ട് പേരിൽ ഉയരം കുറഞ്ഞ ആളാണ് ആദ്യം നടിയെ അപമാനിച്ചത്. പിന്നീടാണ് ഇയാൾ രണ്ടാമനെയും കൂട്ടി വീണ്ടും എത്തി മോശമായി പെരുമാറിയത്. സംഭവം നടന്ന വ്യാഴാഴ്ച രാത്രി 7.10 ന് ശേഷം ഇരുവരും മാളിനോട് ചേർന്ന ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെ നിന്ന് സൗത്ത് മെട്രോ സ്റ്റേഷനിലിറങ്ങി. 8.30ഓടെ സൗത്ത് റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതികൾ വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനിൽ കയറിയാണ് കൊച്ചി വിട്ടതെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. 

അന്വേഷണം അയൽജില്ലകളിലേക്ക് കൂടി വിപുലപ്പെടുത്തിയ സാഹചര്യത്തിൽ ദൃശ്യങ്ങൾ പുറത്ത് വിടുന്നത് വഴി കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾ മാളിൽ കടന്നത് സെക്യൂരിറ്റിയെ കബളിപ്പിച്ച് തെറ്റായ വിവരങ്ങൾ നൽകിയാണ്. സൂപ്പർമാർക്കറ്റിനുള്ളിൽ ദുരുദ്ദേശപരമായ രീതിയിൽ പ്രതികൾ നടിയെ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

അതേസമയം സ്വമേധയാ കേസെടുത്ത് നടപടികൾ തുടരുന്ന പൊലീസുമായി സഹകരിക്കുമെന്നും സംഭവത്തിൽ പ്രത്യേക പരാതി നൽകുന്നില്ലെന്നും നടിയുടെ കുടുംബം അറിയിച്ചു. സംഭവത്തിന് ശേഷം ഷൂട്ടിംഗ് ആവശ്യത്തിനായി കൊച്ചിയിൽ നിന്നും പോയ നടി 3 ദിവസത്തിനുള്ളിൽ മടങ്ങിയെത്തും എന്നാണ് കുടുംബം അറിയിക്കുന്നത്. സംഭവസമയത്ത് നടിയോടൊപ്പമുണ്ടായിരുന്ന സഹോദരിയുടേയും അമ്മയുടേയും മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.