ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. 

തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ശ്രീദേവിയുടെത് ഒരു അപകടമരണമല്ല, മറിച്ച് കൊലപാതകമാകാനാണ് സാധ്യതയെന്ന് ഉമാദത്തന്‍ പറഞ്ഞതായാണ് ഋഷിരാജ് സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. കേരള കൗമുദി പത്രത്തിന്‍റെ ലീഡ് പേജില്‍ പ്രസിദ്ധീകരിച്ച ഉമാദത്തനൊപ്പമുള്ള അനുഭവങ്ങള്‍ പറയുന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ഋഷിരാജ് സിങ് ലേഖനത്തില്‍ പറയുന്നു.

'പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ' - കടപ്പാട്: കേരള കൗമുദി

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നായിരുന്നു നടി ശ്രീദേവിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ബാത്ത് ടബില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹമെന്നും ശ്രീദേവിയുടേത് മദ്യലഹരിയിലുണ്ടായ അപകടമാണെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

ഫോറന്‍സിക് പരിശോധനയില്‍ അപകടമരണമാണെന്ന് കണ്ടെത്തിയതിനാലും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അല്ലാതെയുള്ള അന്വേഷണത്തിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാലും ദുബായ് പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

ബാത്ത്ടബിലേക്ക് കുഴഞ്ഞുവീണ നടി അതില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്നും അബോധാവസ്ഥയില്‍ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞാണ് മരണം സംഭവിച്ചതെന്നും ദുബൈയ് പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിരവധി സുപ്രധാന കേസുകളില്‍ വഴിത്തിരിവുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഉമാദത്തന്‍. അദ്ദേഹവുമായി നിരവധി കേസുകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്‍റെ അനുഭവങ്ങളാണ് ഋഷിരാജ് സിങ് ലേഖനത്തില്‍ പങ്കുവയ്ക്കുന്നത്. ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍ കഴിഞ്ഞ മൂന്നിനാണ് അന്തരിച്ചത്.