ഒറ്റനോട്ടത്തിൽ അദാനിയുടെ നിരക്കുകൾ കുറവാണെന്ന് തോന്നാം, പക്ഷേ...; കണക്കുകൾ നിരത്തി കെഎസ്ഇബിയുടെ വിശദീകരണം
മഹാരാഷ്ട്രയിൽ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവർ ലിമിറ്റഡിന്‍റെ ഗാർഹിക വൈദ്യുതി നിരക്കുകൾ കേരളത്തിനേക്കാൾ വളരെ കുറവാണെന്നും പ്രചാരണം നടക്കുന്നുണ്ട്
തിരുവനന്തപുരം: വൈദ്യുതി നിരക്കിന്‍റെ പേരില്‍ വസ്തുതകളോട് യാതൊരു ബന്ധവുമില്ലാത്ത നിരവധി വ്യാജവാർത്തകൾ ചിലർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് കെഎസ്ഇബി. മഹാരാഷ്ട്രയിൽ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവർ ലിമിറ്റഡിന്‍റെ ഗാർഹിക വൈദ്യുതി നിരക്കുകൾ കേരളത്തിനേക്കാൾ വളരെ കുറവാണെന്നും പ്രചാരണം നടക്കുന്നുണ്ട്. ഇത് തികച്ചും തെറ്റായ പ്രചാരണമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.
കെഎസ്ഇബി വിശദീകരണം ഇങ്ങനെ
അദാനി പവറിന്‍റെ വെബ്സൈറ്റിൽ മഹാരാഷ്ട്രയിലെ വൈദ്യുത താരിഫ് ലഭ്യമാണ്. കണക്കുകൾ വിശദമായി പരിശോധിച്ചപ്പോൾ എനർജി ചാർജിൽ അദാനി പവറിന്‍റെ താരിഫിൽ ചെറിയ കുറവ് കാണുന്നുണ്ട്. പ്രതിമാസം ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപ, അടുത്ത 200 യൂണിറ്റിന് 5.40 രൂപ എന്നിങ്ങനെയാണ് അദാനിയുടെ താരിഫ്. കേരളത്തിലാകട്ടെ ആദ്യത്തെ 50 യൂണിറ്റിന് 3.30 രൂപ, അടുത്ത 50 യൂണിറ്റിന് 4.15 , അടുത്ത 50 യൂണിറ്റിന് 5.25 രൂപ, തുടർന്ന് 50 വീതമുള്ള സ്ളാബുകൾക്ക് 7.10 , 8.35 രൂപ എന്ന ക്രമത്തിലാണ് എനർജി ചാർജ്.
ഒറ്റനോട്ടത്തിൽ അദാനിയുടെ നിരക്കുകൾ കുറവാണെന്ന് തോന്നാം. പക്ഷേ യൂണിറ്റൊന്നിന് 2.60 രൂപ ക്രമത്തിൽ വീലിങ്ങ് ചാർജ് കൂടി നൽകണം എന്ന് അറിയുമ്പോഴാണ് പ്രചാരണത്തിലെ പൊള്ളത്തരം മനസിലാവുക . അതുകൂടി ചേരുമ്പോൾ ആദ്യത്തെ 100 യൂണിറ്റിന് 5.75 രൂപ, തുടർന്നുള്ള 200 യൂണിറ്റിന് 8.00 രൂപ എന്നിങ്ങനെ വരും എനർജി ചാർജ്. തീർന്നില്ല, ഇതിനു പുറമേ ഫിക്സഡ് ചാർജ് കൂടി നൽകണം. ഏറ്റവും കുറഞ്ഞ ഫിക്സഡ് ചാർജ് പ്രതിമാസം 90 രൂപയാണ് . കേരളത്തിലാകട്ടെ 45 രൂപയാണ് കുറഞ്ഞ ഫിക്സഡ് ചാർജ്.
മഹാരാഷ്ട്രയിൽ 16 ശതമാനം ആണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി, കേരളത്തിൽ അത് 10 ശതമാനം മാത്രമാണ്. മഹാരാഷ്ട്രയിൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി കണക്കാക്കുന്നത് ഫിക്സഡ് ചാർജ്, എനർജി ചാർജ്, വീലിംഗ് ചാർജ് എന്നിവ കൂടിച്ചേരുന്ന തുകയ്ക്കാണ്. കേരളത്തിലാകട്ടെ എനർജി ചാർജിന്‍റെ 10 ശതമാനം ആണ് ഫിക്സഡ് ചാർജ്. മഹാരാഷ്ട്രയിൽ യൂണിറ്റൊന്നിന് 26.04 പൈസ നിരക്കിൽ മറ്റൊരു സര്‍ക്കാര്‍ ടാക്സും കൊടുക്കേണ്ടതുണ്ട്.
കണക്കിൽ ഇനിയുമുണ്ട് ചാർജുകൾ. അദാനി 45 മുതൽ 80 പൈസ വരെയാണ് യൂണിറ്റൊന്നിന് ഫ്യൂവൽ സർചാർജായി വാങ്ങുന്നത് . ഇത് കേരളത്തിൽ എല്ലാം കൂടി ചേർത്ത് 19 പൈസയേ ഉള്ളു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പോലും 45 പൈസ ഫ്യൂവൽ സർചാർജ് അദാനി വാങ്ങുമ്പോൾ കേരളത്തിൽ ആയിരം വാട്ട്സ് വരെ കണക്റ്റഡ് ലോഡുള്ള പ്രതിമാസം 40 യൂണിറ്റ് ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ഫ്യൂവൽ സർചാർജ് ഈടാക്കുന്നില്ല.
വെറുതെ ചാർജുകൾ ഒന്ന് കൂട്ടിനോക്കി ഞെട്ടിപ്പോയി. ‘കെ എസ് ഇ ബി കൊള്ളക്കാ’രുടെ ചാർജ് അദാനിയെക്കാൾ വളരെ കുറവ്. അദാനി പവറിനെക്കാൾ 50 യൂണിറ്റിന് നോക്കിയപ്പോൾ 231 രൂപയും, 100 യൂണിറ്റിന് 333 രൂപയും 200 യൂണിറ്റിന് 596 രൂപയും 250 യൂണിറ്റിന് 696 രൂപയും കുറവാണ് കേരളത്തിലെ നിരക്ക്. ഇത്തരം വ്യാജ വാർത്തകൾ ഫോർവേഡ് ചെയ്യുന്നതിനു മുമ്പ് ഒരു നിമിഷം അന്വേഷിച്ച് വസ്തുത എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.