കലഞ്ഞൂർ പഞ്ചായത്തിലെ ഇഞ്ചപ്പാറയിലെ രാക്ഷസൻ പാറയോട് ചേർന്നുള്ള 11.5 ഏക്കർ റവന്യു പുറംപോക്കിലെ പാറയാണ് പൊട്ടിക്കുന്നത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാറ ഖനനം ചെയ്യാൻ പത്തനംതിട്ട കലഞ്ഞൂരിൽ അദാനി ഗ്രൂപ്പിന് ക്വാറി ലൈസൻസ് നൽകി. ഇതിനെതിരെ പ്രതിഷേധം ഉയർന്നു. പഞ്ചായത്ത് ഭരണ സമിതി അറിയാതെയാണ് ലൈസൻസ് നൽകിയത് എന്നാരോപിച്ച് പഞ്ചായത്ത് അംഗങ്ങൾ രംഗത്തെത്തി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ലൈസൻസ് നൽകിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
കലഞ്ഞൂർ പഞ്ചായത്തിലെ ഇഞ്ചപ്പാറയിലെ രാക്ഷസൻ പാറയോട് ചേർന്നുള്ള 11.5 ഏക്കർ റവന്യു പുറംപോക്കിലെ പാറയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പൊട്ടിക്കുന്നത്. ഇതിനായി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് അനുമതി നൽകിയത്. 2018 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാന പ്രകാരമാണ് ജില്ലാ കളക്ടർ ക്വാറിക്ക് നിരാക്ഷേപ പത്രം നൽകിയത്.
ഇതോടെ അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മറ്റ് വകുപ്പുകളുടെ അനുമതിയും നേടി. പിന്നീട് കലഞ്ഞൂർ പഞ്ചായത്തിൽ ലൈസൻസിന് അപക്ഷ നൽകി. എന്നാൽ എട്ട് ക്വാറികൾ പ്രവർത്തിക്കുന്ന പഞ്ചായത്തിൽ പുതിയതിന് അനുമതി നൽകേണ്ടെന്ന തീരുമാനത്തിൽ അന്ന് പഞ്ചായത്ത് അപേക്ഷ തള്ളി. പക്ഷെ പഞ്ചായത്തിന്റെ നടപടിക്കെതിരെ അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. ആദാനി ഗ്രൂപ്പിന് അനുകൂലമായി നടപടിക്രമങ്ങൾ ചെയ്യണമെന്ന കോടതി നിർദേശം വന്നു. ഇതോടെ ജനുവരി ഏഴിന് കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി സി മൈക്കിൾ ലൈസൻസ് നൽകി.
ക്വാറികൾ വേണ്ടെന്ന തീരുമാനം നിലനിൽക്കെ സെക്രട്ടറിയുടെ നടപടി ദുരൂഹമാണെന്നാണ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ ആരോപണം. പഞ്ചായത്ത് അംഗമായ കൂടൽ ഷാജി സെക്രട്ടറിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസിനോട് പരാതി ഉന്നയിച്ചു. അഞ്ച് വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ക്വാറി ലൈസൻസ് അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കല്ലാതെ മറ്റൊന്നിനും ഇവിടെ നിന്നുള്ള പാറ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
