Asianet News MalayalamAsianet News Malayalam

പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പയ്ക്ക് 5 കോടിയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി

ഇതോടെ വനിത വികസന കോര്‍പറേഷന് അനുവദിച്ച സര്‍ക്കാര്‍ ഗ്യാരന്റി 745.56 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്

additional government guarantee of 5 crore for st loans says k k shailaja
Author
Thiruvananthapuram, First Published Dec 24, 2020, 3:01 PM IST

തിരുവനന്തപുരം: ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുക്കുന്നതിന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 5 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടെ വനിത വികസന കോര്‍പറേഷന് അനുവദിച്ച സര്‍ക്കാര്‍ ഗ്യാരന്റി 745.56 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റി കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കും. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന കൂടുതല്‍ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് വനിത വികസന കോര്‍പറേഷനുണ്ടായത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പലപ്പോഴായി 740.56 കോടി രൂപയുടെ അധിക ഗ്യാരന്റിയായി അത് ഉയര്‍ത്തി. ഇതുകൂടാതെയാണ് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചത്. 

പട്ടികവര്‍ഗ വനിതകളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ആദ്യമായി ഇടപെട്ടു തുടങ്ങിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ചക്കിട്ടപ്പാറ മുതുകാട് ആദിവാസി കോളനിയിലെ വനിതകള്‍ക്ക് വേണ്ടി തൊഴില്‍ പരിശീലന കേന്ദ്രം 2017ല്‍ ആരംഭിച്ചു. ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ചാനലൈസിംഗ് ഏജന്‍സിയായി കോര്‍പ്പറേഷന്‍ മാറിയതും ഈ കാലഘട്ടത്തിലാണ്. മാറ്റി നിര്‍ത്തപ്പെട്ട ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. ഈ കാലയളവില്‍ അഞ്ച് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെ ചാനലൈസിംഗ് ഏജന്‍സി ആകുന്നതിനും അതുവഴി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദേശീയ ഫണ്ടിംഗ് ഏജന്‍സികളുള്ള വികസന കോര്‍പ്പറേഷന്‍ ആയി മാറുന്നതിനും വനിതാ വികസന കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍. വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സി കൂടിയാണ് കോര്‍പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കാലങ്ങളായി സ്ഥാപനം നല്‍കി വരുന്നു.

സര്‍ക്കാരിന്റെ 100 ദിന പരിപാടികളില്‍ ആദ്യത്തെ 100 ദിവസം കൊണ്ട് 3800 വനിതകള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുവാനും കോര്‍പ്പറേഷന് സാധിച്ചു. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ലക്ഷങ്ങളോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios