നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലായിരിക്കും എം ആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുക.

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന്‍റെ സ്ഥാനക്കയറ്റം വൈകും. റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവീസിലേക്ക് തിരിച്ചെത്തുന്നതിനാലാണ് ഇത്. ഷെയ്ഖ് ദർവേസ് വിരമിക്കുന്ന ഒഴിവിൽ നാളെ മുതൽ ഡിജിപി ആകേണ്ടതായിരുന്നു അജിത് കുമാർ. ഇനി നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാകും ഡിജിപിയാവുക. നിധിൻ അഗർവാളിന് ഒരു വർഷം സർവീസ് ബാക്കിയുണ്ട്.

സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഷെയ്ഖ് ദർവേസ് സാഹിബ് വിരമിക്കുമ്പോൾ സീനിയോറിറ്റി പ്രകാരം എം ആർ അജിത് കുമാറാണ് ആ തസ്തികയിലേക്ക് വരേണ്ടിയിരുന്നത്. റവാഡ സംസ്ഥാനത്തേക്ക് വരുന്നതോടെ നാല് തസ്തികകളിലും ആളാവും. ഈ നാല് പേരിൽ ആരെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാൽ മാത്രമേ അജിത് കുമാറിന് സ്ഥാനകയറ്റം ലഭിക്കൂ. അങ്ങനെയുണ്ടായില്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് നിധിൻ അഗർവാൾ വിരമിക്കുമ്പോഴായിരിക്കും ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുക.

റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവി

സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി നിയമിക്കപ്പെട്ട റവാഡ ചന്ദ്രശേഖർ ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വ‍ർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്.

മകൻ സിവിൽ സർവീസുകാരനാകണം എന്നായിരുന്നു കർഷകനായ അച്ഛൻ റവാഡ വെങ്കിട്ടറാവുവിന്‍റെ ആഗ്രഹം. പഠിച്ചു വളർന്ന ചന്ദ്രശേഖറിൻറെ ആഗ്രഹം ഡോക്ടറാകാനുമായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാൽ അഗ്രിക്കൾച്ചറൽ പഠനം. പിജി കഴിഞ്ഞപ്പോള്‍ സിവിൽ സർവ്വീസിലൊന്നു കൈവച്ചു. 1991 ബാച്ചിൽ ഐപിഎസ് കിട്ടി. തലശേരി എഎസ്പിയായിട്ടാരുന്നു തുടക്കം. പക്ഷേ തുടക്കം നല്ലതായിരുന്നില്ല. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായി. സർവ്വീസിൽ തിരിച്ചെത്തി വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി.

ഐബിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. നക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികകളിൽ ജോലി ചെയ്തു. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായി ഉയർത്തപ്പെട്ടു. അതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നത്.

YouTube video player