അടിമാലി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾ നടത്തി വന്നിരുന്ന പ്രതിഷേധം അവസാനിച്ചു.
ഇടുക്കി: പുനരധിവാസ പദ്ധതിയെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന് അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർ ക്യാംപിൽ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല കളക്ടർ നേരിട്ടെത്തി നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. ദുരിതബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമിയും പുനരധിവാസത്തിന് സൗകര്യവും ഒരുക്കുമെന്ന് ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട് ഉറപ്പുനൽകി. താത്ക്കാലിക അഭയമെന്ന രീതിയിൽ ഇവർക്ക് വാടക വീടൊരുക്കും. വീടുകൾ കിട്ടും വരെ അടിമാലി മാർ ബസേലിയോസ് കോളേജ് കെട്ടിത്തിലാവും പുനരധിവാസം. റോഡിലേക്ക് ഇടിഞ്ഞുവീണ മൺകൂന നാളെ മൂതൽ നീക്കം ചെയ്യാനും തീരുമാനമായി. രാവിലെ മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ദുരന്ത ബാധിതരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നു. മരിച്ച ബിജുവിൻ്റെ മകളുടെ തുടർപഠനത്തിന് ഒരുലക്ഷം രൂപയും ക്യാംപുകളിലുളളവർക്ക് അടിയന്തിര സഹായമായി 15000 രൂപവീതവും NHAI നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ബിജുവിൻ്റെ ഭാര്യ സന്ധ്യയുടെ ചികിത്സയ്ക്ക് നിലവിൽ മൂന്ന് ലക്ഷം രൂപ നൽകിയെന്നും ജില്ല കളക്ടർ അറിയിച്ചു.
പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുനൽകുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. മണ്ണിടിച്ചിൽ മേഖലയിലേക്ക് തിരികെ പോകാനുളള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്നും അന്തേവാസികൾ വ്യക്തമാക്കിയിരുന്നു. അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഒരാൾ മരിക്കുകയും ചെയ്തു. മരിച്ച ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.


