അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തില്‍ പ്രതിഷേധിച്ച ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ. പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുനൽകുന്നില്ലെന്നാണ് ഇവരുടെ പരാതി

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തില്‍ പ്രതിഷേധിച്ച ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ. പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുനൽകുന്നില്ലെന്നാണ് ഇവരുടെ പരാതി. മണ്ണിടിച്ചിൽ മേഖലയിലേക്ക് തിരികെ പോകാനുളള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്നും അന്തേവാസികൾ പറഞ്ഞു. അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഒരാൾ മരിക്കുകയും ചെയ്തു. മരിച്ച ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.

മാറ്റി പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽ പെട്ടത്. വീടിൻറെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവർക്കുമായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ദുഷ്കരമായ സാഹചര്യത്തിൽ പുലർച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ കാല് മുറിച്ചുമാറ്റിയിരിക്കുകയാണ് നിലവില്‍. പുലർച്ചെ നാലരയോടെ ആണ് ബിജുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

ഭക്ഷണം കഴിയ്ക്കാൻ വേണ്ടി വീട്ടിലേക്ക് എത്തിയതാണ് ബിജുവും ഭാര്യയും എന്നും ഇതിനിടയിലാണ് അപകടം എന്നും ബിജുവിനെ സഹോദരി അഞ്ജു. ഒരു വർഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചതാണ് ബിജുവിന്റെ മകൻ. ഈ ദുരന്തത്തിൽ നിന്ന് കരകയറുന്നതിനിടയാണ് കുടുംബത്തിന് അടുത്ത ആഘാതം.

YouTube video player