കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്. ഇടതു കാലിൽ രക്തയോട്ടമില്ല, മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍.

കൊച്ചി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ചികിത്സയിൽ തുടരുന്നു. അപകടത്തിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു. ഒമ്പതു മണിക്കൂറോളം ഇടതു കാലിൽ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാൽ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതു കാലിലില മസിലുകൾ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങൾക്ക് കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും ചികിത്സയും നൽകുന്നുണ്ട്. സന്ധ്യയെ അർദ്ധബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് മരിച്ച കാര്യം സന്ധ്യ അറിഞ്ഞിട്ടില്ല. ബിജുവിന്‍റെ മരണം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് സബ് കളക്ടര്‍

മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ കളക്ടറും സ്ഥലത്തുണഅടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സബ് കളക്ടര്‍ വിഎം ആര്യ പറഞ്ഞു. ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കും. ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമ്മാണങ്ങൾ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയായിരുന്നു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.