ബിഹാരിലെ ജനങ്ങള്‍ക്ക് നിതീഷ്‍കുമാറിനെ മടുത്തെന്നും 20വര്‍ഷത്തെ ഭരണത്തിൽ അഴിമതിയും അക്രമവും മാത്രമാണുണ്ടായതെന്നും തേജസ്വി യാദവ്. ഇനിയൊരിക്കലും നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകില്ലെന്ന് അമിത് ഷാ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചതെന്നും തേജസ്വി യാദവ്
ദില്ലി: ബിഹാരിലെ ജനങ്ങള്‍ക്ക് നിതീഷ്‍കുമാറിനെ മടുത്തെന്നും 20വര്‍ഷത്തെ ഭരണത്തിൽ അഴിമതിയും അക്രമവും മാത്രമാണുണ്ടായതെന്നും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡിയും നേതാവുമായ തേജസ്വി യാദവ്. ബിഹാറിലെ ജനത ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതുണ്ടാകുമെന്നും നിതീഷ്‍ കുമാര്‍ ഇനിയൊരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും തേജസ്വി യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിഹാറിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ അഞ്ചു ലക്ഷം പേർക്ക് താൻ തൊഴിൽ നൽകിയെന്നും തേജസ്വി യാദവ് പറഞ്ഞു. ജനങ്ങള്‍ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. ഇതിനാൽ തന്നെ ഇതിനൊരു മാറ്റമുണ്ടാകാൻ ജനം മാറി ചിന്തിക്കും.
നിതീഷ്‍കുമാര്‍ മറ്റൊരു ഏകനാഥ് ഷിൻഡെയാണ്. നിതീഷ്‍കുമാറിനെ അമിത് ഷാ വഞ്ചിച്ചു. ഇനിയൊരിക്കലും നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകില്ലെന്ന് അമിത് ഷാ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചതെന്നും തേജസ്വി യാദവ് പറഞ്ഞു. നിതീഷ്‍കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം, രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി പ്രചാരണം തേജസ്വി യാദവ് പരാമര്‍ശിച്ചില്ല. തൊഴിലില്ലായ്മയും നിതീഷ്‍ കുമാര്‍ സര്‍ക്കാരിനെതിരെ അഴിമതിയാരോപണവും ഉയര്‍ത്തിയാണ് തേജസ്വിയുടെ പ്രചാരണം.


