കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. കൊവിഡ് രോഗബാധയെത്തുടർന്ന് വിശ്രമത്തിലായതിനാലാണിത്.

എന്നാൽ ലൈഫ് മിഷൻ കരാർ ലഭിച്ച ഹൈദരാബാദിലെ പെന്നാർ ഇൻഡസ്രീസ് ഉടമ ആദിത്യ നാരായണ റാവുവിനെ ഇന്ന് ചോദ്യം ചെയ്യും. ഇദ്ദേഹത്തോട് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്‍ കസ്റ്റഡിയിലുള്ളതിനാല്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ രവീന്ദ്രനേയും ആദിത്യ നാരായണ റാവുവിനേയും ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്സ്മെന്‍റ് നീക്കം. സ്വർണക്കളളക്കടത്ത് കേസ് പ്രതികൾ സർക്കാരിന്‍റെ വിവിധ പദ്ധതികളിൽ ഇടപെട്ട് കോഴപ്പണം കൈപ്പറ്റിയെന്നാണ് എൻഫോഴ്സ്മെന്‍റ് സംശയിക്കുന്നത്. 

വ്യാഴാഴ്ചയാണ് സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രണ്ട് ദിവസമായി ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ശരീരവേദന കൂടി വന്നതിനെ തുടര്‍ന്നാണ് പരിശോധനക്ക് വിധേയനായത്. പനിയെതുടര്‍ന്ന് കഴിഞ്ഞ 2 ദിവസമായി അദ്ദേഹം ഓഫീസില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.