തിരുവനന്തപുരം: ആദിവാസി വനാവകാശ നിയമം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി ആദിവാസി ഗോത്രമഹാസഭ. ആദിവാസിക്ക് പട്ടയം നല്‍കാനെന്ന വ്യാജേന വനാവകാശനിയമം റദ്ദാക്കിയത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാണെന്നാണ് ആരോപണം.

കഴിഞ്ഞ ജൂണ്‍ രണ്ടിലെ റവന്യൂ വകുപ്പിന്റെ ഉത്തരവിലൂടെ ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളെയാണ് വനാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ജണ്ടയ്ക്ക് പുറത്തുള്ള വനഭൂമി റവന്യൂഭൂമിയാക്കി തരംമാറ്റാം. ഇത്തരത്തില്‍ മാറ്റപ്പെടുന്ന ഭൂമിയില്‍ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പട്ടയം പതിച്ച് നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഏകപക്ഷീയമായ ഈ തീരുമാനത്തിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്നാണ് ഗോത്രമഹാസഭയുടെ ആരോപണം.

വനാവകാശ നിയമം റദ്ദാക്കിയതോടെ വനഭൂമിയില്‍ ആദിവാസികള്‍ക്കുള്ള അവകാശം ഇല്ലാതായി. പട്ടയം കിട്ടിയാല്‍ പട്ടയഭൂമിയ്ക്ക് പുറത്ത് പോയി വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശവും റദ്ദാകും. ആദ്യം നാല് ജില്ലകളിലാണ് നടപ്പാക്കുന്നതെങ്കിലും വൈകാതെ തൃശൂര്‍ അടക്കമുള്ള അയല്‍ജില്ലകളിലേക്കും ഭേദഗതി വ്യാപിപ്പിക്കും. ഇതോടെ അതിരപ്പിള്ളി പദ്ധതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഊരുകൂട്ടങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന് നിയമപരമായി മറികടക്കാം.

2006ല്‍ പാര്‍ലമെന്റ് പാസാക്കിയതാണ് വനാവകാശ നിയമം. ഇത് ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാരിന് റദ്ദാക്കാനാവില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും. ഒപ്പം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ടുവരാന്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആദിവാസി ഗോത്രമഹാസഭ അറിയിച്ചു.