കൽപ്പറ്റ: ഹയർസെക്കണ്ടറി പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലാത്തതിനെ തുടർന്ന് വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾ ദുരിതത്തിൽ. പത്താംക്ലാസ് ജയിച്ച 200 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഇക്കുറി ഉപരിപഠനത്തിന് സൗകര്യം ഇല്ലാത്തത്.

ബത്തേരി മൂലങ്കാവ് സ്വദേശികളായ അമ്മുവും പ്രിയയും കൊച്ചിയിലാണ് പ്ളസ് വണ്ണിന് പഠിക്കുന്നത്. രണ്ട് വർഷം മുൻപ് പത്താം ക്ലാസ് പാസായെങ്കിലും വയനാട്ടിലെ സ്കൂളിലൊന്നും പ്രവേശനം ലഭിച്ചില്ല. സംവരണം ചെയ്ത സീറ്റും ജയിച്ച ആദിവാസി വിഭാഗത്തിൽപെടുന്ന കുട്ടികളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് കാരണം. 

ജില്ലയിൽ എസ്.ടി വിഭാഗത്തിന് സംവരണം ഉള്ളത് 529 സീറ്റുകൾ മാത്രമാണ്. ജയിച്ച ആദിവാസി വിദ്യാർത്ഥികളുടെ ആകെ എണ്ണം 2009 ആയിരുന്നു. എസ്‌സി സീറ്റുകൾ കൂടെ കൂട്ടിയാലും എണ്ണം 829 മാത്രമായിരുന്നു. സ്പോട്ട് അഡ്മിഷനും മറ്റുമായി കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയെന്നാണ് അധികൃതരുടെ വാദം. സ്പോട്ട് അഡ്മിഷനിലാകട്ടെ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിന് സീറ്റുകൾ ലഭിക്കുന്നുമില്ല. ചില സ്കൂളുകളിൽ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 75വരെയാണ്. കൂടുതൽ ബാച്ച് അനുവദിക്കുക മാത്രമാണ് പരിഹാരം. വിഷയത്തിൽ ആദിവാസി വിദ്യാർത്ഥി സംഘടനകൾ അടുത്ത ആഴ്ച മുതൽ സെക്രട്ടേറിയറ്റ് നടക്കൽ സമരം ആരംഭിക്കാനൊരുങ്ങുകയാണ്.