മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷൻ നേതാവായ എവിഐ എഎസ് വിനോദിനെ മാനദണ്ഡം പാലിക്കാതെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടിയിൽ അതൃപ്തി. സ്ഥലം മാറ്റം ട്രൈബ്യണൽ സ്റ്റേ ചെയ്തെങ്കിലും ഗതാഗത മന്ത്രിയുടെ അനിഷ്ടത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ആരോപണം.
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷൻ നേതാവിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിൽ ഉദ്യോഗസ്ഥര്‍ക്കിടയിൽ അതൃപ്തി. ജനറൽ ട്രാന്‍സ്ഫര്‍ ഉത്തരവിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ട്രാന്‍സ്ഫറായി ദിവസങ്ങള്‍ക്കുള്ളിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എഎസ് വിനോദിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. ഗതാഗത മന്ത്രിയുടെ അനിഷ്ടത്തെ തുടര്‍ന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എഎസ് വിനോദിനെ സര്‍ക്കാര്‍ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് അസോസിയേഷന്‍റെ ആരോപണം. മാനദണ്ഡമില്ലാതെയാണ് സ്ഥലംമാറ്റമെന്ന വിനോദിന്‍റെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ട്രാന്‍സ്ഫര്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷനിൽ ഗതാഗത മന്ത്രിയുമായുള്ള അതൃപ്തി പുകയുകയാണ്.
കഴിഞ്ഞ എട്ടിനാണ് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു വിനോദിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ജോലികൾ നൽകരുതെന്ന വിചിത്രമായ നിര്‍ദേശത്തോടെയായിരുന്നു ട്രാന്‍സ്ഫര്‍ ഉത്തരവിറക്കിയത്. ഇടുക്കി കണ്‍ട്രോള്‍ റൂമിൽ ഇ-ചലാൻ അപ്രൂവ് ചെയ്യുന്നതിന്‍റെ ഡ്യൂട്ടി മാത്രമാണ് നൽകേണ്ടതെന്നും പൗരന്മാരുമായി ബന്ധപ്പെടുന്ന ഒരു ചുമതലയും നൽകരുതെന്നാണ് ട്രാന്‍സ്ഫര്‍ ഉത്തരവിലുള്ളത്. ജനറൽ ട്രാന്‍സ്ഫറിൽ കൊല്ലത്തേക്ക് ട്രാന്‍സ്ഫറായി ഒരു മാസത്തിനുള്ളിലാണ് വിനോദിനെ ഇടുക്കിക്ക് സ്ഥലം മാറ്റിയത്. ഇടുക്കിക്കുള്ള അടിയന്തര സ്ഥലം മാറ്റത്തിൽ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലുണ്ടെന്നാണ് ആരോപണം. കൊല്ലത്ത് ജോലിയിരിക്കെ അമിത ലോഡ് കയറ്റി സര്‍വീസ് നടത്തിയ ടിപ്പര്‍ ലോറി വിനോദ് പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു.
ഇതിനുപിന്നാലെയായിരുന്നു സ്ഥലം മാറ്റം. ഇതിനുപുറമെ ഡ്രൈവിങ് ലൈസന്‍സിന്‍റെ പ്രയോഗിക പരീക്ഷയ്ക്കെത്തിയ അഞ്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ശരിയായി വാഹനം ഓടിക്കാത്തതിനാൽ വിനോദ് പരാജയപ്പെടുത്തിയിരുന്നു. ഇതിലടക്കം മന്ത്രിയുടെ ഓഫീസിനുണ്ടായ അതൃപ്തി സ്ഥലം മാറ്റത്തിന് കാരണമായതായാണ് പറയുന്നത്. ജൂലൈ 30നാണ് എഎസ് വിനോദിനെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. സ്വന്തം അപേക്ഷ പ്രകാരമുള്ള ജനറൽ ട്രാന്‍സ്ഫര്‍ ലഭിച്ച ദിവസങ്ങള്‍ക്കുള്ളിൽ ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് മാറ്റിയതിൽ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷനിൽ കടുത്ത അമര്‍ഷമുണ്ട്.
ക്വാറി ഉൽപ്പന്നങ്ങള്‍ കയറ്റികൊണ്ട് പോകുന്ന വാഹനങ്ങള്‍ പരിശോധിച്ച് കര്‍ശനമായി നിയമപ്രകാരം പിഴ ഈടാക്കുന്നതിനും എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിര്‍ദേശം നൽകികൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീണഷര്‍ ഉത്തരവിറക്കിയിരുന്നു. ഇത്തരമൊരു ഉത്തരവ് നിൽക്കെയാണ് ടിപ്പര്‍ ലോറി പിടിച്ചെടുത്തതിന് പിന്നാലെ എംവിഐയെ സ്ഥലം മാറ്റികൊണ്ടുള്ള നടപടിയുണ്ടായതെന്നതാണ് വിചിത്രം.



