ഡോക്ടർ റീനയുടെ ഹർജിയിലാണ് നടപടി. സർക്കാരിനെ തുരങ്കം വെയ്ക്കുന്ന ചില നടപടികൾ ഡോക്ടർ റീനയുടെ ഭാഗത്ത് നിന്നുണ്ടായി എന്നും അതിനാലാണ് സ്ഥലംമാറ്റമെന്നുമാണ് ആരോഗ്യമന്ത്രിയുടെ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി. ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിലെ വൈരുദ്ധ്യവും സ്പെഷ്യൽ റൂളും ചൂണ്ടിക്കാട്ടി ഡോ. റീന നൽകിയ ഹർജിയിലാണ് നടപടി. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഡിഎച്ച്എസിനെ മാറ്റിയത് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.
ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. റീനയെ സ്ഥലം മാറ്റിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഡിഎച്ച്എസ് പദവിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയതും പകർച്ചവ്യാധി കാലത്ത് 15 ദിവസത്തെ അവധി അപേക്ഷ നൽകിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ഉത്തരവ്. എറണാകുളം റീജിയണൽ ഹെൽത്ത് ലബോറട്ടറി ഡയറക്ടർ പദവിയിലേക്കായിരുന്നു സ്ഥലം മാറ്റം. 15 ദിവസത്തെ അവധി അപേക്ഷ നൽകിയിട്ടില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയ ഡോ. റീന ഉത്തരവിനെതിരെ തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
സ്പെഷ്യൽ റൂൾ പ്രകരം ആരോഗ്യവകുപ്പ് ഡയറക്ടർ പദവിക്ക് മൂന്ന് വർഷത്തെ സമയപരിധിയില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ നിന്ന് സ്പെഷ്യാലിറ്റി കേഡറിലേക്ക് എക്സിക്യൂട്ടീവ് ഓർഡർ വഴി മാറ്റാനാവില്ലെന്നും വാദിച്ചു. ചോദിച്ചിട്ടില്ലാത്ത അവധി അപേക്ഷയുടെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ച് അപമാനിച്ചെന്നും ഹർജിയിലുണ്ട്. ഈ വാദങ്ങൾ കണക്കിലെടുത്താണ് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചത്. ഡോ. റീന കാലാവധി പൂർത്തിയാക്കിയെന്നും ഡിഎച്ച്എസ് തത്തുല്യ പദവിയിലേക്കാണ് മാറ്റമെന്നതടക്കമുള്ള സർക്കാർ വാദങ്ങൾ ട്രൈബ്യൂണൽ അംഗീകരിച്ചില്ല. റീനയെ കടന്നാക്രമിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ അന്നത്ത പ്രതികരണം.
ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നൽകുന്നതിലെ പ്രയാസം കാണിച്ച് ഡോ. റീന നൽകിയ കത്തും നിപ പൂനെ ഫലം മന്ത്രി അറിയാൻ വൈകിയതുമായിരുന്നു സർക്കാരിനെ ചൊടിപ്പിച്ചത്. 15 ദിവസത്തെ അപേക്ഷ എന്ന ഭാഗം ഒഴിവാക്കി ഉത്തരവും തിരുത്തിയിറക്കി. എന്നിട്ടും സ്ഥലംമാറ്റം സ്റ്റേ ചെയ്തത് സർക്കാരിന് തിരിച്ചടിയാണ്. റീനയെ മാറ്റിയതിനെ പ്രതിപക്ഷവും വിമർശിച്ചിരുന്നു. നേരത്തെ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റവും ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. തിടുക്കപ്പെട്ടുള്ള ഉത്തരവും പിന്നാലെയുള്ള സ്റ്റേയും ആരോഗ്യവകുപ്പ് തുടക്കത്തിലേ കല്ലുകടി.



