അടൂരിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ചത്..
പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. ആദ്യഘട്ട നടപടിയുടെ ഭാഗമായിട്ടാണ് ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയും സസ്പെൻഡ് ചെയ്തത്. കൂടുതൽ പൊലീസുകാർക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും. എസ്ഐടി അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിലാണ് ഈ നടപടി
പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലീസ് സംഘമാണ് 23 കാരനെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. അനിയനെ കണ്ടെത്താനെന്ന പേരിൽ ചേട്ടനെ കാറിൽ കൊണ്ടുവുകയായിരുന്നു. പല സ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർത്തെന്നായിരുന്നു പരാതി.
മെയ് 29 ന് നടന്ന സംഭവത്തിൽ മെഡിക്കൽ രേഖകൾ തെളിവായി പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിനെ പ്രാഥമിക അന്വേഷണത്തിന് പത്തനംതിട്ട എസ്പി നിയോഗിച്ചു. അന്വേഷണത്തിൽ പൊലീസ് വീഴ്ച കണ്ടെത്തി. ശക്തമായ നടപടി ആവശ്യപ്പെട്ട് മുൻമന്ത്രി പി പ്രസാദും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എസ്ഐടി രൂപീകരിക്കാൻ രമേശ് ചെന്നിത്തല നിർദേശം നൽകുകയായിരുന്നു. യുവാവിന്‍റെ പരാതി ശരിവച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ട്, പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്യുകയായിരുന്നു.

