തിരുവനന്തപുരം: 'ജയ് ശ്രീറാം' വിവാദത്തിൽ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തനിക്ക് ചന്ദ്രനിലേക്കുള്ള ടിക്കറ്റ് തന്നാൽ പോകാൻ തയ്യാറാണെന്ന് അടൂർ പറഞ്ഞു.

''നേരത്തേ ഇവർ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാൽ പോകാം. ഇനിയിപ്പോൾ വീട്ടിന് മുന്നിൽ വന്ന് ആരെങ്കിലും നാമം ചൊല്ലിയാൽ സന്തോഷം. ഞാനും അവർക്കൊപ്പം ഇരുന്ന് നാമം ചൊല്ലും'', അടൂർ പറഞ്ഞു.

'ജയ് ശ്രീറാം' വിളിക്കാൻ തയ്യാറാകാത്ത അടൂർ ഗോപാലകൃഷ്ണൻ അന്യഗ്രഹങ്ങളിലേക്ക് പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 'ജയ് ശ്രീറാം' എന്ന് വിളിക്കുന്നതിനെയല്ല, അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ എതിർത്തതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറയുന്നു. ഇത്തരത്തിൽ ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരെ മർദ്ദിക്കുമ്പോഴും തല്ലുമ്പോഴും കൊല്ലുമ്പോഴും 'ജയ് ശ്രീറാം' എന്ന് വിളിക്കുന്നത് രാമനെ അധിക്ഷേപിക്കലാണെന്നും അടൂർ തിരുവനന്തപുരത്ത് പറഞ്ഞു.

അവാർഡുകൾക്ക് വേണ്ടിയാണ് താൻ ഇത്തരത്തിൽ നിലപാടെടുക്കുന്നതെന്ന് പറയുന്നവർക്ക്, തനിക്കിനി ഈ രാജ്യത്ത് വേറെ അവാർഡൊന്നും കിട്ടാൻ ബാക്കിയില്ലെന്നും അടൂർ പറഞ്ഞു. രാജ്യത്തെ ഒരു ചലച്ചിത്ര പ്രവർത്തകനെന്ന നിലയിൽ പരമോന്നത ബഹുമതി വരെ തനിക്ക് കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സാംസ്കാരിക പ്രവർത്തകർ കത്തെഴുതിയത് രാജ്യത്ത് മതത്തിന്‍റെ പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളിൽ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലത് സാമുദായിക ലഹളയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടാനാണ്. അല്ലാതെ താനടക്കമുള്ള ഈ സാംസ്കാരികപ്രവർത്തകർ ആരും 'സമരഗ്രൂപ്പൊന്നും' അല്ലെന്നും അടൂർ പറഞ്ഞു.

ഇതിന് മുമ്പ് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. താനൊരു പ്രതികരണത്തൊഴിലാളിയൊന്നുമല്ല. എല്ലാറ്റിനും പ്രതികരിക്കാറുമില്ല. രാജ്യത്തെ ഭീകരമായ അവസ്ഥ കണ്ടിട്ടുള്ള പ്രതികരണം മാത്രമാണിത്. 

നിരവധി കോളുകൾ വന്നു, ഇവർക്ക് ഭ്രാന്താണെന്ന് തോന്നിപ്പോയി

ഇന്നലെ മുഴുവൻ തനിക്ക് ദില്ലിയിൽ നിന്ന് പല ടെലിവിഷൻ ചാനലുകളിൽ നിന്നും കോളുകൾ വന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഒരു ഹിന്ദി ചാനലിൽ നിന്ന് വിളിച്ചയാൾ താനടക്കം കത്തിൽ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുന്നതാണ് കേട്ടത്. അയാൾ വല്ലാതെ ക്ഷോഭിച്ചിരുന്നു. അയാൾ മാത്രമല്ല, വേറെ പലരും വല്ലാതെ ക്ഷോഭിച്ച്, ഉത്തരേന്ത്യയിൽ നിന്നും മറ്റും വിളിച്ചു. വിളിച്ചവരൊക്കെ സംസാരിച്ചത് കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇവർക്ക് ഭ്രാന്താണെന്നാണ്. എനിക്ക് പറയാനുള്ളത് കേൾക്കാതെ ഇങ്ങനെ ഓരോന്നു വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഭ്രാന്തല്ലാതെ മറ്റെന്താണ്?

ആൾക്കൂട്ടക്കൊലകളിലെ പ്രതികൾക്ക് ശിക്ഷയെവിടെ?

രാജ്യത്തെ ആൾക്കൂട്ടക്കൊലപാതകങ്ങളിൽ പ്രതികളാക്കപ്പെടുന്നവർ പലപ്പോഴും ഒരു ശിക്ഷയുമില്ലാതെ ഇറങ്ങിപ്പോകുന്നതാണ് കാണാറ്. ഇവർക്ക് ഒരു തരത്തിലുള്ള ശിക്ഷയും കിട്ടാറില്ല. അത് തന്നെയാണ്, ഇവർക്ക് ഇത്തരം നടപടികൾ വീണ്ടും വീണ്ടും ചെയ്യാൻ പ്രോത്സാഹനം കിട്ടുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ വളരെ ചെറിയ കാരണങ്ങൾ പറഞ്ഞ്, പശുവിനെ കൊന്നു എന്ന് പറഞ്ഞ്, അതിന് തെളിവൊന്നും വേണ്ട,
'ബോലോ ജയ് ശ്രീറാം' എന്ന് പറയാൻ പറഞ്ഞ് മർദ്ദിക്കുകയാണ്, ആക്രമിക്കുകയാണ്, കൊല്ലുകയാണ്. 

ഞാൻ ദൈവവിശ്വാസിയാണ്. കുട്ടിക്കാലം മുതൽ ശ്രീരാമൻ എന്ന പേര് പുരാണങ്ങളിലും മറ്റും കേട്ടിട്ടുള്ളയാളാണ്. ഉത്തമപുരുഷനാണ് ശ്രീരാമൻ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ശ്രീരാമനെ അധിക്ഷേപിക്കുകയാണ് ഇവർ ചെയ്യുന്നത്. ജയ് ശ്രീരാം എന്നത് കൊലവിളിയാവുകയാണ്. 
ഭൂരിപക്ഷം ന്യൂനപക്ഷത്തെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ല - അടൂർ പറഞ്ഞു.