യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ദില്ലിയിലെത്തി ഹൈക്കമാൻഡിനെ കാണാൻ ശ്രമിക്കുന്നു.

ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ദില്ലിയിലെത്തിയ അടൂർ പ്രകാശ് ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നു. ഇതുവരെ അടൂർ പ്രകാശിന് സമയം അനുവദിച്ചതായി സൂചനയില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയേയും രാഹുൽ ഗാന്ധിയേയും കാണാനാണ് അടൂർ പ്രകാശ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതി ഇരുവർക്കും നൽകാനാണ് തീരുമാനം.

മുന്നണിയിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാനായും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ദില്ലിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് എടുത്തതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പ്രധാനപ്പെട്ട സർക്കാർ തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ "മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്" എന്ന് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. ജൂലൈ മാസത്തിന് ശേഷം യു.ഡി.എഫ് ഏകോപന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.