ഗവർണർമാരെ ചാൻസിലർമാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കി
ദില്ലി: ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കേരള സർക്കാർ നീക്കം പാർലമെന്‍റിൽ ഉന്നയിച്ച് അടൂർപ്രകാശ് എം പി. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്നത് കേരള സർക്കാർ അറിയിച്ചിട്ടുണ്ടോ എന്നതായിരുന്നു ആറ്റിങ്ങൽ എം പി യുടെ ചോദ്യം. എന്നാൽ ഇക്കാര്യം കേരള സർക്കാർ അറിയിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ്ണ ദേവിയുടെ മറുപടി. ഗവർണർമാരെ ചാൻസിലർമാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കി. കേരളത്തിലെ കാര്യം സർക്കാർ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അന്നപൂർണ്ണ ദേവി, അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ ഗവർണമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാർശ ഉണ്ടെന്നും അറിയിച്ചു.
'ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം, എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്'
അതേസമയം ഗവർണറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വാർത്ത മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിച്ചില്ല എന്നതാണ്. സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിനിടെ നാളെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. എല്ലാ വർഷവും ഇത്തരത്തിൽ നടക്കാറുള്ള ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാറുണ്ട്. ആ പതിവാണ് പിണറായി സർക്കാർ വേണ്ടെന്ന് വച്ചത്. അതേസമയം നേരത്തെ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരയുമടക്കം ക്ഷണിച്ചിരുന്നു. എന്നാൽ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ആരും ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്കാണ് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.
