തിരുവനന്തപുരം: മുൻ എംപിയും സിപിഎം നേതാവുമായ പി കെ ബിജുവിന്‍റെ ഭാര്യയ്ക്ക് കേരള സർവ്വകലാശാലയിൽ അസിസ്റ്റൻറ്റ് പ്രൊഫസ‌റായി നിയമനം നൽകിയതിനെ വിമര്‍ശിച്ച് അഭിഭാഷകനായ എ ജയശങ്കര്‍. സഖാക്കൾക്കു വേണ്ടി സഖാക്കൾ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സർവകലാശാലയെന്നും അവിടെ ആരെ നിയമിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്‍റ്  പ്രൊഫസറല്ല വൈസ് ചാൻസലർ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെയാണെന്നും ജയശങ്കര്‍ പരിഹസിച്ചു. അഭിമുഖത്തിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുളളവരെ തഴഞ്ഞാണ് പി കെ ബിജുവിന്‍റെ ഭാര്യയായ വിജി വിജയന് നിയമനം നൽകിയതെന്ന് സേവ് യൂണിവേഴ്‍സിറ്റി ക്യാമ്പയിന്‍ ആണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

വെള്ളിയാഴ്ച്ച നടന്ന സിൻഡിക്കേറ്റില്‍ 46 അധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. ഇതിൽ ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് നടന്ന നിയമനമാണ് വിവാദമായിരിക്കുന്നത്. ഉയർന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുളള നൂറോളം ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പി കെ ബിജുവിന്‍റെ ഭാര്യ വിജി വിജയന് രാഷ്ട്രീയ പിന്‍ബലത്തിന്‍റെ പേരിൽ നിയമനം നൽകിയെന്നാണ് സേവ് യൂണിവേഴ്‍സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതി.

'യോഗ്യതയുള്ളവരെ തഴഞ്ഞ് മുന്‍ എംപി പി കെ ബിജുവിന്‍റെ ഭാര്യക്ക് നിയമനം'; ഗവര്‍ണര്‍ക്ക് പരാതി

എന്നാൽ അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിജി വിജയന് നിയമനം നൽകിയതിൽ തെറ്റില്ലെന്ന് കേരള സർവ്വകലാശാല വി സി പറഞ്ഞു. എട്ട് വർഷം മുമ്പ് എംപി യായിരിക്കെ തന്നെ സർവ്വകലാശാലയിൽ നടന്ന അധ്യാപക നിയമനത്തിൽ ഭാര്യയ്ക്ക് നിയമനം നൽകിയില്ലെന്ന് കാണിച്ച് ബിജു രംഗത്തു വന്നിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക