Asianet News MalayalamAsianet News Malayalam

ഹിന്ദു പത്രത്തിനെതിരായ നീക്കം കേന്ദ്രസർക്കാരിന്‍റെ കുടിലരാഷ്ട്രീയമെന്ന് അഡ്വ. എം ആർ അഭിലാഷ്

ഒരു കള്ളൻ മോഷണശ്രമത്തിനിടെ കൊലപാതകം നടത്തിയത് കണ്ടാൽ അത് കോടതിയിൽ പറഞ്ഞാൽ അതിന് വിലയുണ്ട്. കള്ളൻ കൊലപാതകം കണ്ടത് മോഷണശ്രമത്തിനിടെ ആയതുകൊണ്ട് കൊലപാതകം അതല്ലാതാകുന്നില്ലെന്നും അഡ്വ. അഭിലാഷ്.

Adv M R Abhilash contempts central government's move against hindu daily
Author
Thiruvananthapuram, First Published Mar 7, 2019, 10:12 PM IST

തിരുവനന്തപുരം: ഹിന്ദു പത്രത്തിനെതിരെ ഔദ്യോഗിക രഹസ്യനിയമം പ്രയോഗിക്കുമെന്ന കേന്ദ്രസർക്കാരിന്‍റെ ഭീഷണി കുടിലരാഷ്ട്രീയമാണെന്ന് പ്രശസ്ത അഭിഭാഷകൻ എം ആ‍ർ അഭിലാഷ്. റഫാൽ ഇടപാടിലെ ക്രമക്കേടുകളാണ് ഹിന്ദു പത്രം പുറത്തുവിട്ടതെന്നും അത് ലോകമെങ്ങും ഇന്ന് നടക്കുന്ന വിവരവിപ്ലവത്തിന്‍റെ ഭാഗമാണെന്നും എം ആർ അഭിലാഷ് ന്യൂസ് അവർ ചർച്ചക്കിടെ പറഞ്ഞു.

പാനമ പേപ്പറുകളുടെ കാര്യത്തിലും വികി ലീക്സിന്‍റെ കാര്യത്തിലും സുപ്രധാന വെളിപ്പെടുത്തലുകൾ ഉണ്ടായപ്പോൾ രേഖകൾ മോഷ്ടിച്ചു എന്ന വാദമാണ് അതത് സർക്കാരുകൾ ഉയ‍ർത്തിയത്. സുതാര്യതയ്ക്കുവേണ്ടിയുള്ള ലോകത്തിന്‍റെ ആഗ്രഹമാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. മോഷ്ടിച്ച വിവരങ്ങളാണ് എന്ന പേരിൽ പുറത്തുവന്ന വിവരങ്ങളുടെ ഗൗരവം കുറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അഡ്വ. എം ആർ അഭിലാഷ് കുറ്റപ്പെടുത്തി.

ഹിന്ദു പത്രം ചെയ്തത് രേഖകളുടെ മോഷണം ആണെന്ന് അംഗീകരിച്ചാൽ തന്നെ പുറത്തുവന്ന രേഖകളുടെ ഗൗരവം കുറയില്ല. ഒരു കള്ളൻ മോഷണശ്രമത്തിനിടെ കൊലപാതകം നടത്തിയത് കണ്ടാൽ അത് കോടതിയിൽ പറഞ്ഞാൽ അതിന് വിലയുണ്ട്. കള്ളൻ കൊലപാതകം കണ്ടത് മോഷണശ്രമത്തിനിടെ ആയതുകൊണ്ട് കൊലപാതകം അതല്ലാതാകുന്നില്ലെന്നും അഡ്വ. അഭിലാഷ് വിശദീകരിച്ചു. ഹിന്ദു ഈ വിവരങ്ങൾ പുറത്തുവിട്ടില്ലായിരുന്നെങ്കിൽ സുപ്രീം കോടതി തെറ്റിദ്ധരിപ്പിക്കപ്പെടുമായിരുന്നു. സുപ്രീം കോടതിയെ നേർവഴിക്ക് ചിന്തിക്കാൻ സഹായിക്കുകയാണ് ഹിന്ദു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു പത്രത്തിനെതിരെ ഔദ്യോഗിക രഹസ്യനിയമം ഉപയോഗിച്ച് കേസെടുക്കുമെന്ന് പണ്ഡിത വരേണ്യനായ അറ്റോണി ജനറലിനെക്കൊണ്ട് തന്നെ കേന്ദ്രസർക്കാർ പറയിച്ചു. ദീർഘകാലം ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഹിന്ദു പത്രം ചെയ്തതെന്ന് അറ്റോണി ജനറൽ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ സെക്ഷൻ മൂന്ന് ചാരപ്രവൃത്തിയെക്കുറിച്ചാണ് പറയുന്നത്. ആയുധങ്ങളുടെ വിശദാംശങ്ങളോ, ആയുധങ്ങൾ എവിടെ സ്ഥാപിച്ചിരിക്കുന്നുവെന്നോ  ഒന്നും ഹിന്ദു പത്രം വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് എന്തിനാണ് പേടിക്കുന്നതെന്ന് മനസിലാകുന്നതെന്നും അഡ്വ. അഭിലാഷ് പറ‌ഞ്ഞു.

Follow Us:
Download App:
  • android
  • ios