Asianet News MalayalamAsianet News Malayalam

'ഉപദേശിച്ചത് ജ്യേഷ്ഠ സഹോദരനെന്ന നിലയില്‍; രമ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു': മുല്ലപ്പള്ളി

രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്

advised like a elder brother appreciate remyas decision says mullappalli
Author
Thiruvananthapuram, First Published Jul 22, 2019, 3:23 PM IST

ആലത്തൂര്‍: കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെ വാഗ്ദാനം നിരസിച്ച ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രമ്യയെ ഉപദേശിച്ചത് ഒരു ജ്യേഷ്ഠ സഹോദരനെന്ന നിലയിലായിരുന്നു. കൊച്ചനുജത്തി രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്‍റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് താന്‍ ഉപദേശിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയതെന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നുവെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യും.

ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നു.ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്.

രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചത്.

ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോണ്‍ഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം എനിക്കുണ്ട്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Follow Us:
Download App:
  • android
  • ios