ഈ മുഖം മൂടിക്കെതിരെ മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏതായാലും ഇതു മലയാളി മുസ്ലിമിന്റ സ്വത്വം വിളിച്ചു പറയുന്നതല്ല- അഡ്വക്കേറ്റ് ഷുക്കൂര്‍ പറഞ്ഞു. 

കാഞ്ഞങ്ങാട്: ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണ രീതിയില്‍ നിലപാട് അറിയിച്ച് അഭിഭാഷകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖം മറയ്ക്കുന്ന ഇത്തരം വേഷങ്ങള്‍ ആധുനിക ജനാധിപത്യത്തിന് ചേര്‍ന്നതല്ല എന്നാണ് അഡ്വക്കേറ്റ് ഷുക്കൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. മുഖം മൂടുന്ന വസ്ത്രങ്ങള്‍ക്കെതിരെ മുസ്ലീം സമുദായത്തില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും തനിക്ക് പര്‍ദ്ദയോടല്ല നിഖാബിനോടാണ് എതിര്‍പ്പെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വക്കേറ്റ് ഷൂക്കൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

ഒരാളുടെ മുഖം മൂടുന്ന ഇത്തരം വേഷം നിരോധിക്കുവാൻ 300 പേരുടെ ജീവൻ നൽകേണ്ടി വന്നു ശ്രീലങ്കയിൽ. ഈ വേഷം ആധുനിക ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല. ഈ മുഖം മൂടിക്കെതിരെ മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏതായാലും ഇതു മലയാളി മുസ്ലിമിന്റ സ്വത്വം വിളിച്ചു പറയുന്നതല്ല.

ശ്രദ്ധിക്കുക: ഞാൻ പർദ്ദയ്ക്കു എതിരാണെന്നു പ്രചരിപ്പിക്കുന്നവരോട്, പർദ്ദയ്ക്കല്ല നിഖാബിനോടാണ് വിയോജിപ്പ്. മുഖം മൂടി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് വസ്ത്ര സ്വാതന്ത്ര്യമായി കാണുവാൻ കഴിയില്ല. അതു സുരക്ഷയുടെ പ്രശ്നമാണ്. 
എന്റെ സുരക്ഷ മാത്രമല്ല , നിങ്ങളുടെ സുരക്ഷയിലും എനിക്കു ആശങ്കയുണ്ട്.