തൃശൂരിൽ സിപിഎമ്മിന് തലവേദനയായി ഓഡിയോ റെക്കോർഡ് പുറത്ത്. കരുവന്നൂർ ബാങ്ക് വിവാദത്തിന് ശേഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ റെക്കോർഡ് ആണ് പുറത്ത് വന്നിരിക്കുന്നത്.
തൃശൂർ: കരുവന്നൂർ തലവേദന തൽക്കാലം ഒഴിവായെന്ന് കരുതിനിന്ന സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന് തലയിലേറ്റ വെള്ളിടിയായിരുന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ. ശരത് പ്രസാദിനോട് വിശദീകരണം ചോദിക്കുമെന്ന് ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ പറഞ്ഞപ്പോൾ ഏതു ബാങ്കിലാണ് തന്റെ കോടികളുടെ അക്കൗണ്ട് എന്ന് ചോദിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്റെ പ്രതിരോധം. എസി മൊയ്തീന്റെയും എംകെ കണ്ണന്റെയും അനധികൃത സമ്പാദ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിനും വിജിലൻസിനും അനിൽ അക്കര പരാതി നൽകി. തൃശൂരിലെ സിപിഎം നേതൃത്വം അധോലോക സംഘമാണെന്ന് കൂട്ടത്തിലുള്ളവർ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ കമ്മിറ്റി പിരിച്ചുവിടാൻ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
തൃശൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പ്രഹരം
കരുവന്നൂരിൽ ഇ ഡിയുടെ ചോദ്യമുനയും രാഷ്ട്രീയ എതിരാളികളുടെ ആക്രമണവും അടങ്ങിയെന്ന് സിപിഎം കരുതുനിൽക്കുമ്പോഴാണ് ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പ്രഹരം. ശബ്ദരേഖ തന്റെ തന്നെയെന്ന് ശരത് പ്രസാദ് സമ്മതിച്ചതോടെ പ്രതിരോധത്തിലായ പാർട്ടി തൽക്കാലം വിശദീകരണം ചോദിച്ചിരിക്കുകയാണ്. ശതകോടികളുടെ ആസ്തിയുള്ള ഡീലർ ആയി ശരത് പ്രസാദ് വിശേഷിപ്പിച്ച എംകെ കണ്ണനും പ്രതികരിച്ചിരുന്നു. കരുവന്നൂരിലും വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ അഴിമതിയിലും സിപിഎമ്മിനെതിരെ നിരന്തര യുദ്ധം നയിക്കുന്ന അനിലയാണ് കോൺഗ്രസ് നിലയിൽ നിന്ന് ആദ്യം രംഗത്ത് എത്തിയത്. നിയമസഭാ സാമാജികനായിരുന്ന എം കെ കണ്ണന്റെയും എംഎൽഎ ആയ എസി മൊയ്തീന്റെയും സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനും അനിൽ അക്കര പരാതി നൽകി.
കരുവന്നൂരിൽ അന്വേഷണം തുടരുന്നതിനാൽ ശരത് പ്രസാദിന്റെ ശബ്ദരേഖ കൂടി ദേശീയ ഏജൻസി പരിശോധിക്കുമെന്നായിരുന്നു ബിജെപി പറഞ്ഞത്. തൃശ്ശൂരിലെ സിപിഎം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണോ ഡീലേഴ്സ് ആണോ എന്നും എംടി രമേശ് ചോദിച്ചു. തൃശ്ശൂരിലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിമാർ കുറേക്കാലമായി വിവാദങ്ങളുടെ തോഴന്മാരായിരുന്നു. ശരത് പ്രസാദിന്റെ മുൻഗാമികളായ പിബി അനൂപ്, എൻവി വൈശാഖൻ എന്നിവർ പുറത്താക്കപ്പെട്ടിട്ടുണ്ടായിരുന്നു. പിന്നാലെയാണ് പാർട്ടി നേതാക്കളെ തന്നെ ഗുരുതര പ്രതിസന്ധിയിൽ ആക്കി ശരത് പ്രസാദും പുലിവാൽ പിടിച്ചിരിക്കുന്നത്.



