ഒരുകാലത്ത് ഉമ്മന്‍ചാണ്ടിയുടെ ഇടവും വലവും നിന്നിരുന്ന കെ സി ജോസഫും തിരുവഞ്ചൂരും മനസു കൊണ്ട് രണ്ടു വഴിക്ക് പിരിഞ്ഞിട്ട് നാളേറെയായി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കാലശേഷം പലതായി പിരിഞ്ഞ കോട്ടയത്തെ എ ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കരുത്തനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജില്ലാ പ്രസിഡന്‍റ് സ്ഥാനവും ആറ് നിയോജകമണ്ഡലം കമ്മിറ്റികളും തിരുവഞ്ചൂര്‍ പക്ഷം ജയിച്ചു. ഇതോടെ കെ സി ജോസഫിന്‍റെ നേതൃത്വത്തിലുളള എ ഗ്രൂപ്പിന് ജില്ലയില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കെ സി വേണുഗോപാലിനൊപ്പം നിന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ തിരുവഞ്ചൂര്‍ പക്ഷത്തിന്‍റെ മല്‍സരം. ഇതും തിരുവഞ്ചൂറിന് ഗുണമായെന്ന് കരുതാം.

ജില്ലകളിൽ കെസി ഗ്രൂപ്പിന് വൻ മുന്നേറ്റം, നഷ്ടം എ ക്ക്, കണ്ണൂരിൽ സുധാകര പക്ഷത്തിന് തിരിച്ചടി, തൃശൂരിൽ നേട്ടം

ഒരുകാലത്ത് ഉമ്മന്‍ചാണ്ടിയുടെ ഇടവും വലവും നിന്നിരുന്ന കെ സി ജോസഫും തിരുവഞ്ചൂരും മനസു കൊണ്ട് രണ്ടു വഴിക്ക് പിരിഞ്ഞിട്ട് നാളേറെയായി. കെ സി ജോസഫും, ഡി സി സി പ്രസിഡന്‍റ് നാട്ടകം സുരേഷും ഒരു വശത്തും തിരുവഞ്ചൂരും മുതിര്‍ന്ന നേതാവ് കുര്യന്‍ ജോയിയുടെ മകന്‍ കൂടിയായ മുന്‍ ജില്ലാ പ്രസിഡന്‍റ് ചിന്‍റു കുര്യന്‍ ജോയിയും മറുവശത്തുമായി നിന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് മല്‍സരം. ജില്ലാ പ്രസിഡന്‍റായി തിരുവഞ്ചൂരിന്‍റെ വിശ്വസ്തന്‍ ഗംഗാശങ്കര്‍ ജയിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ മറ്റൊരു തിരുവഞ്ചൂര്‍ ഗ്രൂപ്പുകാരന്‍ സുബിന്‍ മാത്യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒന്നാമനായി. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ കെ സി വേണുഗോപാല്‍ പക്ഷത്തിനൊപ്പം ചേര്‍ന്നാണ് ഏറെ നാളായി തിരുവഞ്ചൂരും കൂട്ടരും പ്രവര്‍ത്തിക്കുന്നതും.

ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പളളി എം എ ല്‍എയുമായി ചാണ്ടി ഉമ്മന്‍റെ പിന്തുണയും തിരുവഞ്ചൂര്‍ പക്ഷം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ തിരുവഞ്ചൂരിന് എ ഗ്രൂപ്പുമായി ഒരു ബന്ധവും ഇല്ലെന്നാണ് കെ സി ജോസഫിനെ അനുകൂലിക്കുന്നവരുടെ വാദം. യൂത്ത് തിരഞ്ഞെടുപ്പിലെ നേട്ടം കെ സി വേണുഗോപാല്‍ ഗ്രൂപ്പിന്‍റെ അക്കൗണ്ടിലാണ് ചേര്‍ക്കേണ്ടതെന്നും അവര്‍ വാദിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം