തിരുവനന്തപുരം: പബ്ബുകള്‍ക്ക് പിന്നാലെ കേരളത്തില്‍ “നൈറ്റ് ലൈഫ്” കേന്ദ്രങ്ങളും വരുന്നു. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രിവ്യക്തമാക്കി. പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ്  മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഐടി മേഖലയില്‍ രാത്രി വൈകുവോളം ജോലി ചെയ്യുന്നവര്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തില്‍ ഇല്ലെന്ന്  ആക്ഷേപമുണ്ട്. കേരളത്തിലെ ഐടി മേഖലയില്‍ ജോലി ചെയ്യാന്‍ പുതിയ തലമുറ മടിക്കുന്നതിന് പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ട്.ഇത്  പരിഗണിച്ചാണ്  സംസ്ഥാനത്ത് രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ടലുകളും റസ്റ്റോറന്‍റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ  സുരക്ഷിത കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കും.

ഐടി വിനോദ സഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുമെന്ന് നേരത്തേ നാം മുന്നോട്ട് പരിപാടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും  പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി.  അടുത്ത മദ്യനയത്തില്‍ ഇതോടൊപ്പം ഡ്രൈ ഡേ ഒഴിവാക്കുമെന്ന് പ്രഖ്യാപനവുമുണ്ടാകുമെന്നാണ് സൂചന. ഉല്ലാസ കേന്ദ്രങ്ങള്‍ കൂടി നിലവില്‍ വരുന്നതോടെ കേരളത്തിലും രാത്രികള്‍ കൂടുതല്‍ ചെറുപ്പവും അടിച്ചുപൊളിയുമാകും.

"