തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച് നടത്തിയതിന് അടൂർ പ്രകാശ് എംപിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സാമൂഹികാകലം പാലിക്കാതെ അറുപതിലേറെ ആളുകൾ പങ്കെടുത്തിരുന്നു. സംഭവത്തില്‍ എംപി ഉൾപ്പെടെ 63 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കെ എസ് ശബരിനാഥ് എംഎൽഎക്കെതിരെ കള്ള കേസെടുത്തു എന്നാരോപിച്ചായിരുന്നു അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തിയത്. നെടുമങ്ങാട് ഐടിഡിപി ഓഫീസിലെ പ്രതിക്ഷേധത്തിന്‍റെ പേരിലാണ് ശബരിനാഥിനെതിരെ പൊലീസ് കെസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നെടുമങ്ങാട് കോടതി സമുച്ചയത്തിൽ പരിപാടി നടത്തിയതിന് അടൂർ പ്രകാശിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണ പരിപാടി നടത്തിയതിനാണ് അടൂർ പ്രകാശിനെതിരെ കേസെടുത്തത്. കിറ്റുകൾ വാങ്ങുന്നതിനായി ഇരുന്നൂറിലേറെ ആളുകൾ കോടതിക്ക് മുന്നിൽ തടിച്ച് കൂടിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് അഞ്ച് പേരിൽ കൂടുതൽ പേ‍ർ ഒത്തുകൂടരുതെന്ന ചട്ടം ലംഘിച്ചതിനാണ് എംപിയുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്.