Asianet News MalayalamAsianet News Malayalam

വീണ്ടും സ്വർണക്കടത്ത്; വാച്ചിനുള്ളിൽ ഒളിപ്പിച്ച മൂന്ന് ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളിൽ കടത്തിയ സ്വർണം പിടികൂടുന്നത്.

again gold seized from kannur airport
Author
Kannur, First Published Aug 3, 2020, 1:42 PM IST

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ ആളെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ കാസർകോട് സ്വദേശി അബ്ദുൾ ഖയ്യൂമിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളിൽ കടത്തിയ സ്വർണം പിടികൂടുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്. കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നത് ഒന്നോ രണ്ടോ സംഘങ്ങളല്ലെന്നും വിപുലമായ ഒരു ശൃംഖല തന്നെ സ്വർണക്കടത്തിന് പിന്നിലുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ സംഭവം.  

വന്ദേഭാരത് ദൗത്യത്തിലൂടെ തിരികെ വരുന്ന പ്രവാസികൾക്കിടയിൽ നിന്നും സ്വർണം പിടികൂടുന്നത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണക്കടത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ വാർത്തയായിരുന്നതാണ്. കൊവിഡ് കാലമായതിനാൽ നിലവിൽ വിമാനത്താവളങ്ങളിലേക്ക് വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

Read more at: കൊവിഡ് കാലത്തും സ്വര്‍ണക്കടത്ത് തകൃതി: കഴിഞ്ഞ 20 ദിവസത്തിൽ പിടികൂടിയത് ആറ് കോടിയുടെ സ്വർണം

Follow Us:
Download App:
  • android
  • ios