തിരുവനന്തപുരം: കൊവിഡ് ഭീഷണിക്കിടെയുണ്ടായ കനത്തമഴയും ഉരുൾപൊട്ടലും പ്രതിരോധപ്രവർത്തനങ്ങളെ തകിടം മറിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. കഴിഞ്ഞ രണ്ട് ഓഗസ്റ്റ് മാസങ്ങളിലുമെത്തിയ മഹാപ്രളയത്തെ അതിജീവിച്ച കേരളം ഇപ്പോൾ ഇരട്ട ദുരന്തമുഖത്താണ്.

കുതിച്ചുയരുന്ന മഹാമാരി ഒരുവശത്ത്, മറുവശത്ത് ആശങ്കയായി പേമാരിയും ഉരുൾപൊട്ടലും. മഴക്കെടുതി മുന്നിൽ കണ്ട് മൂവായിരത്തിലേറെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ റവന്യുവകുപ്പ് തയ്യാറാക്കിയിരുന്നു. പക്ഷെ മഴ തുടങ്ങിയപ്പോൾ തന്നെ കണക്ക് കൂട്ടൽ തെറ്റിച്ച് ദുരന്തമെത്തുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനിടെയാണ് റവന്യു-ആരോഗ്യമടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക്  പ്രകൃതി ക്ഷോഭങ്ങളിലേക്ക് ഊന്നൽ മാറ്റേണ്ടിവരുന്നത്. രോഗഭീതി രൂക്ഷമായ തീരത്തെ പല ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും മഴഭീഷണിയിലാണ്. മഴയിൽ രോഗപ്പകർച്ച എങ്ങിനെയാകുമെന്നതിലും ആശങ്കയേറെയുണ്ട്. ഓഗസ്റ്റില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കൂടി മുന്നിലിരിക്കെ മഴ മുന്നറിയിപ്പുകൾ ഉണ്ടാക്കുന്നത് വലിയ വെല്ലുവിളിയാണ്.