കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈലുകൾ പിടികൂടി. തടവുകാർ കഴിയുന്ന സെല്ലുകൾക്ക് സമീപത്ത് നിന്നാണ് ഫോണുകള്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. 

റെയ്ഡില്‍ ഏഴ് മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം സ്മാർട് ഫോണുകൾ ആണ്.  1, 2 , 4, 6 സെല്ലുകൾക്ക് സമീപത്തെ മതിലിനുള്ളിൽ നിലയിലായിരുന്നു ഫോണുകൾ. ഇത് മൂന്നാം തവണയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 28 ആയി. റെയ്ഡ് വരും ദിവസങ്ങളിലും തുടരും.

ജൂൺ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിർദ്ദേശം. ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നാല് ദിവസം മുമ്പ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് നാല് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.