തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ - കെഎസ്‍യു സംഘർഷം. ഇരുസംഘടനകളുടെയും പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ കോളേജ് പരിസരം വീണ്ടും കലാപഭൂമിയായി. ചേരിതിരിഞ്ഞ് നേർക്കുനേർ ഏറ്റുമുട്ടിയ വിദ്യാർത്ഥികളുടെ സംഘർഷം പുറത്ത് എം ജി റോഡിലേക്കും നീണ്ടു. പരസ്പരമുള്ള കല്ലേറിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെയും മറ്റൊരു കെഎസ്‍യു പ്രവ‍ർത്തകന്‍റെയും തലയ്ക്ക് പരിക്കേറ്റു. തന്‍റെ കാലിൽ വലിയ തടിക്കഷ്ണം കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ തല്ലിയെന്ന് അഭിജിത്ത് ആരോപിച്ചു. പ്രവർത്തകർക്കും പരിക്കേറ്റെന്ന് എസ്എഫ്ഐയും ആരോപിച്ചു.

എംജി റോഡിൽ ഇരുവിഭാഗത്ത് നിന്നും പരിക്കേറ്റ പ്രവർത്തകരെ നിരത്തിയിരുത്തി ഇരുവിഭാഗവും ഗതാഗതം തടസ്സപ്പെടുത്തി കുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി. പ്രതിഷേധവുമായി ചെന്നിത്തലയും റോഡിൽ കുത്തിയിരുന്നു.

ഇതോടെ പരസ്പരമുള്ള സംഘർഷം വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കാൻ നടുവിൽ വലിയൊരു സന്നാഹവുമായി പൊലീസും നിലയുറപ്പിച്ചു. ജലപീരങ്കിയടക്കമുള്ള എല്ലാ സന്നാഹങ്ങളുമായാണ് പൊലീസ് നിന്നത്. 

ഓഫീസ് സമയം കഴിഞ്ഞ്, അതും വെള്ളിയാഴ്ച, തലസ്ഥാനനഗരിയിൽ, ആളുകൾ തിരികെ വീട്ടിലേക്ക് പോകുന്ന സമയത്ത് തന്നെയുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരവാസികളെ വലച്ചു. ഡിസിപി ഹർഷിത അട്ടല്ലൂരി അടക്കമുള്ളവർ എത്തിയാണ് പ്രശ്നപരിഹാരത്തിന് ചെന്നിത്തലയുമായി ചർച്ച നടത്തിയത്. എന്നാൽ ആദ്യമൊന്നും സമരം അവസാനിപ്പിക്കാൻ കെഎസ്‍യു തയ്യാറായില്ല. പ്രശ്നമുണ്ടാക്കിയത് എസ്എഫ്ഐ പ്രവർത്തകരാണെന്നും അവരെ അറസ്റ്റ് ചെയ്താൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും ചെന്നിത്തലയും ഉറച്ച നിലപാടെടുത്തു. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. 

മറുവശത്ത് പെൺകുട്ടികളടക്കമുള്ളവരെ മുന്നിൽ നിർത്തി എസ്എഫ്ഐയും കുത്തിയിരിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് ഗേറ്റിന് മുന്നിലെ റോഡിലായിരുന്നു അവർ കുത്തിയിരുന്നത്. ഇവരോട് പിരിഞ്ഞുപോകണമെന്ന് പൊലീസെത്തി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് അവർ തയ്യാറായില്ല. കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റ് അഭിജിത്ത് അടക്കമുള്ളവർ ക്യാമ്പസിനകത്ത് എത്തി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്നും അവർ ആരോപിച്ചു. ഇവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് എസ്എഫ്ഐ ഭാരവാഹികളും ആവശ്യപ്പെട്ടു. തുടർന്ന് നിവൃത്തിയില്ലാതെ പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

സംഭവം നടന്നതിനെക്കുറിച്ച് എസ്എഫ്ഐയും കെഎസ്‍യുവും പറയുന്നതിങ്ങനെയാണ്: 

ബുധനാഴ്ച എസ്എഫ്ഐ പ്രവർത്തകൻ കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച കെഎസ്‍യു പ്രവ‍ർത്തകരെ സസ്പെൻഡ് ചെയ്ത പ്രിൻസിപ്പാളിന് പരാതി നൽകാനാണ് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് അടക്കമുള്ളവർ എത്തിയത്. ഗേറ്റിന് പുറത്തെത്തിയ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് അടക്കമുള്ള കെഎസ്‍യു പ്രവർത്തകർക്ക് ക്യാമ്പസിനകത്ത് നിന്ന് കല്ലേറ് കിട്ടിയെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്. ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ കല്ലെറിയുകയും ആക്രമിക്കുകയുമായിരുന്നു. വലിയ തടിക്കഷ്ണമെടുത്ത് തന്‍റെ കാലിൽ എസ്എഫ്ഐ പ്രവർത്തകർ തല്ലി. കൂടെയുള്ളവരെ തല്ലിച്ചതച്ചുവെന്നും അഭിജിത്ത് ആരോപിക്കുന്നു.

എന്നാൽ എസ്എഫ്ഐ പറയുന്നത് നേരെ തിരിച്ചാണ്. ക്യാമ്പസിനകത്ത് കയറിയ കെ എം അഭിജിത്ത് പ്രകോപനമുണ്ടാക്കുകയും ഒരു സംഘം എസ്എഫ്ഐക്കാരോട് തട്ടിക്കയറുകയും മർദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് പരസ്പരം ഏറ്റുമുട്ടലുണ്ടായത്. പ്രശ്നമുണ്ടാക്കാനാണ് അഭിജിത്ത് അടക്കമുള്ളവർ ക്യാമ്പസിലെ വിദ്യാർത്ഥിയല്ലാതിരുന്നിട്ട് കൂടി കോളേജിൽ കയറിയതെന്നും എസ്എഫ്ഐ ആരോപിക്കുന്നു. 

എന്തായാലും എസ്എഫ്ഐയും കെഎസ്‍യുവും പരസ്പരം തുടരെത്തുടരെ കല്ലെറിഞ്ഞു. പ്രതിഷേധം കൊഴുത്തു. അഞ്ചരയോടെ റോഡിൽ അക്ഷരാർത്ഥത്തിൽ തെരുവുയുദ്ധമാണ് നടന്നത്. ഇരുവിഭാഗവും നേർക്കുനേർ ഏറ്റുമുട്ടി. സംഘർഷമുണ്ടായി. 

സംഘർഷത്തിന് കാരണമെന്ത്?

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ബുധനാഴ്ച രാത്രിയാണ് 'എട്ടപ്പൻ' എന്ന് വിളിക്കുന്ന മഹേഷ് കെഎസ്‍യു പ്രവർത്തകരെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും. ''നിന്നെ ഞാനടിച്ച് വായ കീറും'' എന്നാണ് മഹേഷ് പറയുന്നത്. കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പ് എസ്എഫ്ഐ നേതാവായ മഹേഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായ എസ്എഫ്ഐ മഹേഷിനെ തള്ളിപ്പറഞ്ഞു. മഹേഷിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊളേജിയറ്റ് ഡയറക്ടർക്ക് കത്ത് നൽകി. കൊളേജിൽ നിന്നും 10 കിലോമീറ്റർ പരിധിക്ക് ഉള്ളിൽ താമസിക്കുന്ന മഹേഷിന്റെ ഹോസ്റ്റൽ അഡ്മിഷൻ റദ്ദാക്കണമെന്ന് എസ്എഫ്ഐ കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം, ഹോസ്റ്റലിൽ കൊലവിളി നടത്തുന്നതിനൊപ്പം കെഎസ്‍യു പ്രവർത്തകരായ നിതിൻ രാജിന്‍റെയും സുദേവിന്‍റെയും സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വസ്ത്രങ്ങളും മഹേഷ് കത്തിച്ചെന്ന് ആരോപണമുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നൽകിയ പരാതി പൊലീസിന് കൈമാറുമെന്ന് ഹോസ്റ്റൽ വാർഡൻ വ്യക്തമാക്കി.

എന്നാൽ മഹേഷ് എസ്എഫ്ഐ പ്രവർത്തകനല്ലെന്നാണ് ജില്ലാ കമ്മറ്റി ഇപ്പോൾ വിശദീകരിക്കുന്നത്. 2010 -11 കാലഘട്ടത്തിൽ യൂണിവേഴ്‍സിറ്റി കോളേജ് ചെയർമാനായിരുന്നു മഹേഷ്. ഇപ്പോൾ ഗവേഷണ വിദ്യാർത്ഥിയാണ്. അക്രമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് മഹേഷാണെന്ന് കെഎസ്‍യു ആരോപിക്കുന്നു. കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ പഠിപ്പുമുടക്കിയ വിദ്യാർത്ഥികൾക്ക് നേരെയും അക്രമമുണ്ടായി .ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച്‌ അക്രമം അഴിച്ചുവിടുന്ന എസ്എഫ്ഐ നിലപാടിനെതിരെ കെഎസ്‍യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 

കെഎസ്‍യു പ്രവർത്തകനെ മർദിച്ച മഹേഷിനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം പഠിപ്പുമുടക്കിനിടെ, വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മൂന്ന് കെഎസ്‍യു പ്രവർത്തകരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.